
കായംകുളം: കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനുള്ള പണത്തില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ അബിന്‍ മുക്കിയെന്ന് സംശയിച്ച് പോലീസ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് കിട്ടിയത് 70,000 രൂപ മാത്രമാണെന്നാണ് ഓറിയോണ്‍ എജ്യു വിങ് സ്ഥാപന നടത്തിപ്പുകാരനുമായ സജു ശശിധരന് പോലീസിന് മൊഴി നല്കി.
അബിന്‍ സി.രാജ് തനിക്ക് കൈമാറിയത് 72,000 രൂപയാണെന്നാണ് സജു പറഞ്ഞത്. എന്നാല്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിനായി താന്‍ അബിന്‍ സി രാജുവിന് രണ്ടുലക്ഷം രൂപയോളം നല്‍കിയെന്നാണ് നിഖില്‍ പോലീസിന് കൊടുത്തിരിക്കുന്ന മൊഴി. ബാക്കി പണം അബിന്‍ സി.രാജ് എടുത്തിട്ടുണ്ടാകും എന്ന സംശയമുണ്ടെന്നും ഇയാള്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് നല്കുന്ന ഏജന്‍സിക്ക നല്‍കാനെന്നു പറഞ്ഞാണ് അബിന്‍ നിഖിലില്‍ നിന്നും പണം വാങ്ങിയത്. ഇതോടെ ബാക്കി പണം അബിന്‍ എന്തു ചെയ്തു എന്നറിയേണ്ടതുണ്ട്.
നിഖില്‍ തോമസിന് മാത്രമേ താന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളൂവെന്ന് അറസ്റ്റിലായ ഓറിയോണ്‍ ഏജന്‍സി ഉടമ സജു ശശിധരന് പറഞ്ഞിരിക്കുന്നത്. മറ്റാര്‍ക്കും താന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടില്ലെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാള്‍ നിരവധി പേര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ മൂന്നാം പ്രതിയായ ഇയാളെ കൊച്ചിയില്‍നിന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിയുകയായിരുന്നു. പാലാരിവട്ടത്തെ ഇയാളുടെ സ്ഥാപനം 2022 ല്‍ പൂട്ടിയിരുന്നു. കസ്റ്റഡി കാലാവധി തീര്‍ന്നതോടെ നിഖിലിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഒരു ദിവസത്തേക്ക് കോടതി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടാം പ്രതി അബിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. സജു ശശിധരനെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
അതിനിടയില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസിനുമേല്‍ ശക്തമായ സമ്മര്‍ദമെന്നു സംശയം. കേസില്‍ പ്രതികളായ നിഖില്‍ തോമസിനും അബിനും പാര്‍ട്ടിയിലും യുവജന, വിദ്യാര്‍ഥി സംഘടനകളിലുമുളള ബന്ധമാണ് അട്ടിമറി നീക്കത്തിന് പിന്നില്‍. പോലീസ് അന്വേഷണം ശക്തമാക്കിയാല്‍ മറ്റു പലരും കുടുങ്ങുമെന്നാണ് സംശയം.നിഖില്‍തോമസിന്റെ മൊെബെല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാത്തതിനു പിന്നിലും അട്ടിമറി നീക്കമാണെന്ന് സംശയിക്കുന്നു. ഫോണ്‍ കിട്ടിയാല്‍ പരിശോധനയില്‍ പ്രമുഖര്‍ കുടുങ്ങുമെന്ന ആരോപണം നിലനില്‍ക്കുന്നതിനാലാണ് സമ്മര്‍ദം ഏറിയത്.






