
വളര്‍ത്തുമൃഗങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ എന്ന പോലെ പരിചരിക്കുന്ന ഒരു അമേരിക്കന്‍ സ്വദേശിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ യുവതി തന്റെ നായ്ക്കളുടെ പരിചരണത്തിനായി ഓരോ വര്‍ഷവും തന്റെ സമ്പാദ്യത്തില്‍ നിന്നും ഭീമമായ തുകയാണ് മാറ്റിവയ്ക്കുന്നത്. നായകളുടെ രോമങ്ങള്‍ പ്രത്യേകമായ രീതിയില്‍ വെട്ടിയൊതുക്കിയും ശരീരത്തില്‍ കളര്‍ ചെയ്തുമൊക്കെ ഇവര്‍ തന്റെ നായക്കുട്ടികളെ സംരക്ഷിക്കുന്നു.
ഏഞ്ചല ഷൂനോവര് എന്ന അമേരിക്കയിലെ സാന്റിയാഗോ സ്വദേശിയായ സ്ത്രീയാണ് തന്റെ ആക്സസറീസുകളുമായി ചേരുന്ന രീതിയില്‍ നായ്ക്കുട്ടികളെ പ്രത്യേകം കളര്‍ ചെയ്ത് ഒരുക്കിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. നീലയും പിങ്കും നിറത്തിലുള്ള പ്രത്യേക നിറങ്ങളാണ് ഇവര്‍ തന്റെ നായ് കുട്ടികള്‍ക്ക് നല്‍കിയത്. ഏഞ്ചല ഇത് തന്റെ നായക്കുട്ടികളെ കൂടുതല്‍ മനോഹരമാക്കുന്നുവെന്ന കുറിപ്പോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ മൃഗസ്നേഹികളായ ഒരു കൂട്ടം സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ നിന്നും ഇവര്‍ക്ക് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഇത്തരത്തില്‍ കൃത്രിമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഒരുതരത്തില്‍ മൃഗപീഡനമാണെന്നും മൃഗങ്ങളെ അവയുടെ സ്വാഭാവികമായ രീതിയില്‍ സംരക്ഷിക്കുകയാണ് വേണ്ടതെന്നും ഇക്കൂട്ടര്‍ ആരോപിച്ചു.
ഏഞ്ചല നായ്ക്കളുടെ രോമം കളര്‍ ചെയ്യുന്നതിനായി ആയിരക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. എന്നാല്‍ സാമൂഹിക മാധ്യമ വിമര്‍ശനങ്ങളെ താന്‍ വക വയ്ക്കുന്നില്ലെന്ന് ഏഞ്ചല പറയുന്നു. തന്റെ നായകുട്ടികള്‍ക്ക് ദോഷകരമായി ഭവിക്കുന്നതൊന്നും താന്‍ ചെയ്യുന്നില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.






