
മേല്ക്കോയ്മയ്ക്ക് പാരമ്പര്യമായി കൈമാറി കിട്ടിയ ജന്മസ്വത്താണ് ജാതിയെന്ന് കരുതുകയും അതൊരു സാമൂഹ്യ അനീതിയായി തോന്നാതിരിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ സമൂഹത്തിലെ ഗുരുതരമായ മാനസികരോഗമാണ്. ഒപ്പമിരുത്തരുത്, ഒരുമിച്ചാകരുത് അന്തസ്സും അധികാരവും അഭിമാനബോധവും ഒരുപോലെ ഇരിക്കരുത് എന്നതരം നിഷേധങ്ങളും, ഭരിക്കാനും അക്രമിക്കാനും നീതിയും സ്വാതന്ത്ര്യവും നിര്‍ണ്ണയിക്കാനും അവകാശം സിദ്ധിച്ചവരാണെന്ന തോന്നലുകളും സാമൂഹ്യവ്യവസ്ഥിതിയുടെ ഉണങ്ങാത്ത വൃണങ്ങള്‍ തന്നെ.
സിനിമയെ സമൂഹത്തെ മാറ്റാനുള്ള ഒരു വിശാല അവബോധ മാധ്യമമാക്കി എങ്ങിനെ ഉപയോഗിക്കാം എന്നതിന്റെ റഫറന്‍സ് ബുക്കായി മാറിയിട്ടുള്ള തമിഴ് സംവിധായകന് മാരി സെല്‍വരാജിന്റെ മാമന്നനില്‍ നിന്നും വേറിട്ട ഒരു കാര്യവും ആരും പ്രതീക്ഷിക്കേണ്ട. രണ്ടര മണിക്കൂര്‍ നീണ്ട സിനിമയില്‍ അഭിനയ മത്സരവും റഹ്മാന്റെ മാജിക്കല്‍ സംഗീതവും ദൂരക്കാഴ്ചകളുടെ വശ്യദൃശ്യപരതയും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ഉണ്ടെങ്കിലും വിഷയത്തിന്മേലുള്ള ശ്രദ്ധയില്‍ നിന്നും പ്രേക്ഷകനെ ഒരു തരത്തിലും അത് അകറ്റില്ല.
പറയുന്നത് ദളിത് രാഷ്ട്രീയമല്ല
മാരിയുടെ പഴയ സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് മാമന്നന്. തമിഴ് രാഷ്ട്രീയമാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്ന വിഷയം. മാമന്നന് എന്ന രാഷ്ട്രീയക്കാരനും അയാളുടെ സര്‍വ്വ സമത്വ പാര്‍ട്ടിയിലെ യുവനേതാവുമായുള്ള പോരാട്ടവുമാണ് സിനിമയുടെ കഥ. കാലങ്ങളായി രാഷ്ട്രീയത്തില്‍ ഇടപെടുന്ന അവര്‍ണ്ണ വിഭാഗത്തിലെ മനുഷ്യര്‍ എങ്ങിനെയാണ് നില കൊള്ളുന്നതെന്നും ആരാണ് എങ്ങിനെയാണ് അവരെ നിയന്ത്രിക്കുന്നതെന്നും സംവരണം എന്നത് ഇന്ത്യന്‍ ഭരണഘടനയിലെ ദളിതന്റെ അവകാശമാണെന്നും അത് ആരില്‍ നിന്നെങ്കിലൂം കിട്ടുന്ന ഭിക്ഷയോ ദയയോ അല്ലെന്നും സിനിമ കൃത്യമായി പറയുന്നു.
സവര്‍ണ്ണര്‍ മുഴുവനും ദുഷ്ടന്മാരാണെന്നോ ദളിതര്‍ മുഴുവനും ഇഴയുന്ന ഇരകളാണെന്നോ സിനിമ പറഞ്ഞുവെയ്ക്കുന്നില്ല. പക്ഷേ അത്തരം കാര്യങ്ങള്‍ ഇപ്പോഴും ജനാധിപത്യ ഇന്ത്യയില്‍ ഉണ്ടെന്ന സൂചന നല്കാന് ശ്രമിക്കുന്നുണ്ട്. നല്ലവനായ നായകനും ദുഷ്ടനായ വില്ലനും തമ്മിലുള്ള ടിപ്പിക്കല്‍ പോരാട്ടമല്ല, പകരം അവര്‍ണ്ണ സവര്‍ണ്ണ മനോഭാവങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായാണ് സിനിമ അവതരിപ്പിക്കുന്നത്. ജയം എന്നാല്‍ ഉന്മൂലനമല്ല എതിരാളിക്ക് മേലുള്ള ഭയത്തെ ഇല്ലായ്മ ചെയ്യലാണെന്നാണ് സിനിമ നല്കുന്ന സൂചന.
ആക്ടിംഗ് കോംപറ്റീഷനില്‍ ഫഹദിന്റെ തേര്‍വാഴ്ച
ഫഹദ്ഫാസിലും വടിവേലുവും തമ്മിലുള്ള അഭിനയമത്സരമാണ് സിനിമയുടെ ഹൈലൈറ്റ്. തീര്‍ച്ചയായും വടിവേലുവിന് കരിയറില്‍ കിട്ടിയ ഏറ്റവും മികച്ച വേഷമാണ് മാമന്നന്. സിനിമയുടെ ടൈറ്റില്‍ കഥാപാത്രത്തെ അദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട്. നായകന്മാര്ക്ക് പിന്നില്‍ കോമാളിത്തം കാട്ടി നാറ്റം വെച്ചു തുടങ്ങിയിരുന്ന വടിവേലുവിന്റെ പ്രകടനം പുരസ്ക്കാരങ്ങള്‍ക്ക് പരിഗണിക്കപ്പെട്ടേക്കാം.
സിനിമയിലുടനീളം പ്രേക്ഷകരെ വെറുപ്പിച്ച് മുന്നേറുന്ന ഫഹദ് പക്ഷേ വടിവേലുവിനെക്കാള് ഒരു പടികൂടി കടന്ന് മുന്നില്‍ നില്ക്കുന്നു. ജാതിഭ്രാന്തിന്റെയും അയിത്താചരണത്തിന്റെയും മൂര്‍ദ്ധന്യാവസ്ഥയില്‍ നില്ക്കുന്ന പെരുമാളായി ഫഹദ് നടത്തുന്നത് ഉജ്വല പ്രകടനം. ഉദയനിധിയും കീര്‍ത്തിയും ഒട്ടും മോശമല്ല. പക്ഷേ ഫഹദിന്റെയും വടിവേലുവിന്റെയും മത്സരത്തില്‍ ഇവരില്ല. പരിയേറും പെരുമാളില്‍ പരിയനെ പ്രചോദിപ്പിക്കുന്ന ജ്യോതിയ്ക്ക് സമാനമായാണ് മാമന്നനിലെ കീര്‍ത്തിയുടെ സാംബ.
എന്തുകൊണ്ട് പന്നികള്‍ ?
'പന്നികള്‍ കൂട്ടമായി വരും സിങ്കം സിംഗിളാ താന്‍ വരുവേന്‍' രജനീകാന്തിന്റെ ഈ ഒരൊറ്റ ഡയലോഗില്‍ തന്നെയുണ്ട് പന്നികളുടെ ഭയത്തെക്കുറിച്ചുള്ള സൂചന. സിനിമയില്‍ പന്നികള്‍ ഒരു പ്രാധാന കഥാപാത്രമായി വരുന്നുണ്ട്. നായകന് വീരന്റെ കയ്യില്‍ പന്നിയുടെ ചിത്രം പച്ചകുത്തുക പോലും ചെയ്തിട്ടുണ്ട്. ചെളിയിലും ചേറിലും അഴുക്കിലും കിടക്കുകയും വളരുകയും ചെയ്യുന്ന ജീവി എന്ന നിലയില്‍ പന്നി അകറ്റി നിര്‍ത്തപ്പെടുകയും അശുദ്ധമായി കരുതുകയും ചെയ്യുന്നവയാണ്.
സമാനസാഹചര്യത്തില്‍ സമൂഹത്തിന്റെ പിന്നാമ്പുറത്ത് ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കരിയും ചെളിയും ചേറും നിറഞ്ഞ് വൃത്തിഹീനതയില്‍ ജീവിക്കുന്ന വെറുക്കപ്പെടുകയും അവഗണിക്കപ്പെടുന്ന ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യരെയുമാണ് മൂന്നാം സിനിമയിലും മാരി സെല്‍വരാജ് പ്രതിപാദിച്ചത്.
പെരുമാളിന്റെ പട്ടികള്‍ അതിവീരന്റെ ഫാമില്‍ ആക്രമണം നടത്തി പന്നികളെയെല്ലാം കടിച്ചുകീറി കൊല്ലുന്ന രംഗം സിനിമയിലെ ഞെട്ടിക്കുന്ന സീനുകളില്‍ പെടുന്നു. വേട്ടപ്പട്ടികളുടെ കൂട്ട ആക്രമണത്തില്‍ എല്ലാ പന്നികളും ചത്തൊടുങ്ങി അവയുടെ ജഡങ്ങള്‍ക്കിടയില്‍ നിന്നും ഒരു കറുത്ത പന്നിക്കുഞ്ഞ് എഴുന്നേറ്റു വരുന്നു. ഈ ഒരൊറ്റ ഫ്രെയിമിലൂടെ അതിജീവനം എന്ന ചിന്തയിലേക്ക് കാഴ്ചക്കാരനെ കൊണ്ടുപോകുന്നു.
അംബേദ്ക്കറും പെരിയോറും ചെഗുവേരയും
'നീയേ ഒളി നീയേ വഴി' എന്ന വാചകം സിനിമയില്‍ പലയിടത്തായി കാണിക്കുന്നുണ്ട്. കര്‍ണ്ണനിലെ പെണ്‍കുട്ടിയുടെ പ്രേതാത്മാവിനെയും പരിയേറും പെരുമാളിലെ കറുപ്പിയെയും പോലെ കീഴാളര്‍ക്കിടയിലെ വിശ്വാസവുമായി ബന്ധപ്പെട്ട മിത്തിക്കല്‍ ക്യാരക്ടറുകളെ പലയിടങ്ങളിലായി മാമന്നനിലും കാണാനാകും. തന്റെ രാഷ്ട്രീയം എന്താണെന്ന് കൃത്യമായ സൂചന നല്കുന്ന വിധം സിനിമയുടെ പല ഫ്രെയിമുകളിലും അംബേദ്ക്കറും പെരിയോറും ചെഗുവേരയുമൊക്കെ കടന്നുവരുന്നുണ്ട്.
തമിഴ് സിനിമയിലെ മികച്ച രാഷ്ട്രീയ സിനിമകളില്‍ ഒന്നാണെന്ന് പറയുമ്പോഴും മാരി സെല്‍വരാജിന്റെ ആദ്യ സിനിമ പറഞ്ഞതുപോലെയുള്ള ഒരു ദൃഡത സിനിമയ്ക്ക് കിട്ടുന്നില്ല. പക്ഷേ പതിയെ പറഞ്ഞുതുടങ്ങി സ്ഫോടനാത്മകമായി ഇടവേളയ്ക്ക് കാപ്പികുടിക്കാന്‍ പറഞ്ഞുവിടുന്ന മാരിയുടെ ട്രിക്ക് ഈ സിനിമയിലുമുണ്ട്.
മാമന്നന്റെ സവിശേഷ ആഖ്യാനത്തില്‍ അതിവീരന്റെയും സാംബയുടേയും കോളേജും പ്രണയവുമൊക്കെ സിനിമാറ്റിക്ക് ആയി മാറുന്നത് സിനിമയില്‍ നിന്നും വേര്‍തിരിഞ്ഞ് നില്ക്കുന്നതായി തോന്നിക്കും. അതേസമയം തന്നെ കീഴാളപശ്ചാത്തലം വരുന്ന മനുഷ്യര്‍ക്കിടയില്‍ ജന്മനാ ഉള്ചേര്ന്നിരിക്കുന്ന അപകര്ഷതാബോധത്തെക്കൂടി ആ രംഗത്തിലൂടെ പറയാനാകുന്നുണ്ട്. അന്തര്‍മുഖ സ്വഭാവത്താല്‍ തുറന്നു പറയാന്‍ കഴിയാതെ മനസ്സില്‍ മൂടിവെച്ച് കത്തിത്തീര്ന്നുപോയ അനേകം പ്രണയങ്ങളുണ്ട്.