
ഒരു വിവാഹം മുടങ്ങിപ്പോയതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് ഇത്തരമൊരു സംഭവം നടന്നത്. അമ്മായിയമ്മ വിവാഹാഘോഷങ്ങള്‍ക്കിടയില്‍ പുകവലിക്കുകയും ഡിജെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്നത് കണ്ട വരനാണ് വിവാഹം വേണ്ടെന്ന് വയ്ക്കാന്‍ ആവശ്യപ്പെട്ടത്. ലൈവ് ഹിന്ദുസ്ഥാനാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സരയാട്രിനില്‍ നിന്നുള്ള യുവാവും രാജ്പുരയില്‍ നിന്നുള്ള പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം
ജൂണ്‍ 27 -നാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിനു മുന്‍പേ നടത്തേണ്ട എല്ലാ ചടങ്ങുകളും നടത്തിയിരുന്നു. എന്നാല്‍, വിവാഹ ദിനം ആഘോഷങ്ങള്‍ക്കിടയില്‍ വധുവിന്റെ അമ്മ പുകവലിക്കുകയും ഗാനത്തിനൊപ്പം നൃത്തം വയ്ക്കുകയും ചെയ്തു.
വരനെ ആഘോഷമായി മണ്ഡപത്തിലേക്ക് സ്വീകരിക്കുന്ന ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് വധുവിന്റെ അമ്മ സിഗരറ്റ് വലിച്ചു കൊണ്ട് ഡിജെ ഗാനത്തിനൊപ്പം നൃത്തം വെച്ചത്. ഇതില്‍ അസംതൃപ്തനായ വരന് ഉടന്‍തന്നെ വിവാഹ ചടങ്ങുകള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും പിന്നാലെ താന്‍ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി അറിയിക്കുകയും ചെയ്തു.
ശേഷം ഇരു വീട്ടുകാരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും വിവാഹം നിര്‍ത്തി വെച്ച് വരനും കൂട്ടരും മടങ്ങുകയുമായിരുന്നു. എന്നാല്‍ പിന്നീട്ഇരുവീട്ടുകാരും ചേര്‍ന്ന് പ്രശ്ന പരിഹാരത്തിനായി ചര്‍ച്ച നടത്തുകയും ശേഷം ഇരുവിഭാഗവും വിവാഹവുമായി മുന്‍പോട്ടു പോകാന്‍ തീരുമാനിക്കുകയും ചെയ്തു.






