
അട്ടപ്പാടി ചീരക്കടവില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന റിസോര്‍ട്ട് പൂട്ടി സീല്‍ ചെയ്ത് പുതൂര്‍ പോലീസ്. വാനിത്തായി എന്ന പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവ് 70 ഏക്കര്‍ എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചുവന്ന റിസോര്‍ട്ടാണ് രേഖകളില്ലാതെയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ചു വന്നിരുന്നത്.
എംപി, എംഎല്‍എ, സബ് കളക്ടര്‍ അടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റിയില്‍ അട്ടപ്പാടിയില്‍ അനധികൃതമായി നടന്നുവരുന്ന റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിസോര്‍ട്ട് നടത്തുന്നത് പുഴ പുറമ്പോക്ക് കയ്യേറിയാണെന്ന് നേരത്തെ നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു.
മാര്‍ച്ച് അവസാന വാരത്തില്‍ നിയമങ്ങള്‍ വകവെക്കാതെ പണിതുയര്‍ത്തിയ ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ടിന്റെ പ്രധാന കെട്ടിടവും പൊളിച്ചു നീക്കിയിരുന്നു. ഇത്തരത്തിലുളള മുഴുവന്‍ കെട്ടിടങ്ങളും പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നായിരുന്നു നടപടി.






