
ഒരു തിമിംഗലക്കുഞ്ഞ് അപകടത്തില്‍പ്പെട്ട തന്റെ അമ്മയെ രക്ഷിക്കാന്‍ മനുഷ്യരുടെ സഹായം തേടിയെത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഈ തിമിംഗലം തന്റെ ആവശ്യങ്ങള്‍ എന്താണെന്ന് മനുഷ്യരെ അറിയിക്കാനും അമ്മയ്ക്ക് സഹായം നല്കാനുമായി നടത്തുന്ന അസാധാരണമായ ശ്രമങ്ങളാണ് വിഡിയോയില്‍.
വീഡിയോയുടെ തുടക്കത്തില്‍ ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന ഒരുകൂട്ടം ആളുകള്‍ക്കരികിലേക്ക് കുഞ്ഞുതിമിംഗലം എത്തുന്നതാണ് കാണാന്‍ സാധിക്കുന്നത്. തിമിംഗലം എന്തോ പറയാന്‍ ശ്രമിക്കുന്നത് പോലെ പല പ്രാവശ്യം ശബ്ദം ഉണ്ടാക്കുന്നു. എന്നാല്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് ബോട്ടിലുള്ളവര്‍ ആദ്യം കരുതിയത്. എന്നാല്‍ നിരന്തരം ഒരേ രീതിയില്‍ തിമിംഗലം ശബ്ദമുണ്ടാക്കിയതോടെ എന്തോ പ്രശ്നമുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നു.
തുടര്‍ന്ന് ബോട്ടിലുള്ളവര്‍ ആനിമല്‍ റെസ്ക്യൂ ടീമിനെ വിവരമറിയിക്കുകയും അധികം വൈകാതെ റെസ്ക്യൂ സംഘം സ്ഥലത്തേക്ക് എത്തുകയും ചെയ്തു. മറ്റു ചില തിമിംഗലങ്ങളും ഈ സമയംകൊണ്ട് അവിടേക്ക് എത്തിയിരുന്നു. രക്ഷാ സംഘത്തിന്റെ ബോട്ടിനു ചുറ്റും തിമിംഗലം അല്പനേരം നീന്തി പിന്നീട് അവ മറ്റൊരു ഭാഗത്തേക്ക് കടന്നു. ബോട്ടും അവയ്ക്ക് പിന്നാലെ നീങ്ങി. ഒരു സ്ഥലത്ത് എത്തിയപ്പോള്‍ ഈ തിമിംഗലങ്ങള്‍ നീന്തല്‍ അവസാനിപ്പിച്ച് അവിടെത്തന്നെ നിലകൊണ്ടു. അപ്പോഴാണ് വലിയൊരു തിമിംഗലം നീന്താനാവാത്ത വിധം കുടുങ്ങിക്കിടക്കുന്നത് രക്ഷാദൗത്യ സംഘം കണ്ടത്.
അമ്മ തിമിംഗലത്തിന് മീന്‍ വല വാലില്‍ കുടുങ്ങിയതുകൊണ്ട് ചലിക്കാന്‍ സാധിച്ചിരുന്നില്ല. തൊട്ടരികില്‍ മറ്റു രണ്ടു തിമിംഗല കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ദൗത്യസംഘം പെട്ടെന്ന് കൈയില്‍ കരുതിയിരുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് വല മുറിച്ചുകളഞ്ഞു. വലയില്‍ നിന്നും രക്ഷപ്പെട്ട തിമിംഗലവും കുഞ്ഞും നന്ദി സൂചകമായി കരയിലേക്ക് മടങ്ങിയ ബോട്ടിനെ അനുഗമിച്ച് പിന്നാലെയുണ്ടായിരുന്നു. ഇതിനെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്.






