
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുളത്തൂര്‍ കടകുളത്ത് ഭാര്യമാതാവിനെ മരുമകന് തലയ്ക്കടിച്ചു കൊന്നു. തൊഴിലുറപ്പ് തൊഴിലാളിയായ തങ്കം (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുമകന് റോബര്‍ട്ടിനെ പൊഴിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മകളെ മര്‍ദ്ദിക്കുന്നത് തടയാനെത്തുന്നതിനിടയിലാണ് തങ്കത്തിന് ആക്രമണം നേരിട്ടത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തങ്കത്തിന്റെ മകള്‍ പ്രീതയുടെ രണ്ടാം ഭര്‍ത്താവാണ് റോബര്‍ട്ട്. നാലുവര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ച പ്രീതയുടെ ആദ്യഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലഭിച്ച തുകയെച്ചൊല്ലി വീട്ടില്‍ കലഹം പതിവായിരുന്നു. ഇന്നലെ നടന്ന വഴക്കിനിടയില്‍ റോബര്‍ട്ട് പ്രീതയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അതിക്രൂരമായി മര്‍ദിച്ചു. പ്രീതയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തങ്കത്തിനും മര്‍ദനമേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കത്തിനെ നാട്ടുകാരുടെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കേറ്റ പ്രീത ചികിത്സയിലാണ്.
സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് റോബര്‍ട്ടിനെ പോലീസില്‍ ഏല്‍പ്പിച്ചത്. തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ പോക്സോ ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ് റോബര്‍ട്ട് എന്ന് പോലീസ് പറഞ്ഞു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം തങ്കത്തിന്റെ മൃതദേഹം സംസ്കരിച്ചു.






