
ചൈനയില്‍ ഇപ്പോള്‍ അച്ഛന്മാരെ വാടകയ്ക്ക് കിട്ടും. ഒരു ചൈനീസ് ബാത്ത്ഹൗസാണ് 'റെന്റ് എ ഡാഡ്' എന്ന ഈ വ്യത്യസ്തമായ കാര്യം നടപ്പിലാക്കിയിരിക്കുന്നത്. സാധാരണയായി ആണ്മക്കള്ക്കൊപ്പം വരുന്ന സ്ത്രീ അതിഥികള്‍ക്ക് വേണ്ടിയാണ് പ്രധാനമായും ഇത് നടപ്പിലാക്കുന്നത്.
ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഷെന്യാങ്ങിലെ ഒരു ബാത്ത്ഹൗസിലാണ് ഇങ്ങനെ അച്ഛന്മാരെ വാടകയ്ക്ക് എടുക്കാനുള്ള സൗകര്യമുണ്ടെന്നാണ് റെഡ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിംഗിള്‍ മദേഴ്സിനും ആണ്‍കുട്ടികളുള്ള അമ്മമാര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
ഒരു സ്ത്രീ തന്റെ മകനുമായി ഇവിടെ എത്തിയാല്‍, അവന്റെ വസ്ത്രം മാറുന്നതിനും അവനെ കുളിപ്പിക്കാനും ഒക്കെ തങ്ങളുടെ സേവനം ലഭ്യമാകും എന്നും അത് സൗജന്യമായിരിക്കും എന്നും ബാത്ത്ഹൗസ് വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ കുഞ്ഞുങ്ങളെ നോക്കുന്നതിന് വേണ്ടി ലഭ്യമാകുന്ന പുരുഷന്മാര്ക്ക് അതിന് വേണ്ടിയുള്ള പ്രത്യേകം പരിശീലനം ലഭിച്ചിട്ടുണ്ടോ, എത്ര വയസ് വരെയുള്ള കുട്ടികളെയാണ് ഇവിടെ നോക്കുക എന്നതൊന്നും എന്നാല്‍ ബാത്ത്ഹൗസ് പരാമര്‍ശിച്ചിട്ടില്ല എന്നാണ് വിവരം.
ചൈനീസ് ബാത്ത്ഹൗസുകള് സാധാരണയായി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ഏരിയയുണ്ട്. ഭക്ഷണം കഴിക്കാനും മറ്റുമായി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുമിച്ചിരിക്കാനുമുളള സൗകര്യവും ഇവിടുണ്ട്. എന്നാല്‍ ചിലര്‍ ഇത് സ്ത്രീകള്‍ക്ക് വളരെ സൗകര്യപ്രദമാണ് എന്ന് അഭിപ്രായപ്പെടുമ്പോള്‍ മറ്റ് ചിലര്‍ ഇത് ദോഷകരമാണെന്നും പറയുന്നു.






