
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഉണ്ടായ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അക്ബര്‍പൂര്‍ കോട്വാലി മേഖലയിലെ ബദാപൂര്‍ ഗ്രാമത്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സഹോദരനൊപ്പം ബനാറസില്‍ ഒരു കുല്‍ഫി വണ്ടി നടത്തുകയാണ് ഗൃഹനാഥന്. അയാള്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കായി പണം അയച്ചിരുന്നു. കൃഷി ചെയ്ത് ഉണ്ടാക്കിയ 8 ക്വിന്റലോളം ഗോതമ്പ് ഇടയ്ക്ക് അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് തന്നോട് ചോദിക്കാതെ ഭാര്യ വിറ്റതായി അറിഞ്ഞത്. തുടര്‍ന്ന് ഗോതമ്പ് വിറ്റതെന്തിനാണെന്നും വിറ്റ് കിട്ടിയ പണം എവിടെയെന്നും അയാള്‍ ഭാര്യയോട് തിരക്കി. എന്നാല്‍ മറുപടി പറയാന്‍ ഭാര്യ തയ്യാറാകാതിരുന്നതോടെ അയാള്‍ വീണ്ടും ചോദ്യമുന്നയിച്ചു.
ഇതില്‍ പ്രകോപിതയായ ഭാര്യ, ഭര്‍ത്താവിന്റെ കൈകാലുകള്‍ തുണി ഉപയോഗിച്ച് ബന്ധിച്ച ശേഷം വടിയുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ ഭാര്യാ സഹോദരിയും സഹോദരനും ചേര്‍ന്ന് അദ്ദേഹത്തെ തല്ലാനായെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . പോലീസ് വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തി. താനറിയാതെ ഗോതമ്പ് വിറ്റ പണത്തിന് പുറമേ ഭാര്യയ്ക്ക് ചെലവിനായി അയച്ച് കൊടുത്ത 32,000 രൂപയും എവിടെയെന്ന് അന്വേഷിച്ചതിനാണ് ഭര്‍ത്താവിന് മര്‍ദ്ദനമേറ്റതെന്ന് പോലീസ് പറയുന്നു.






