
ഏത് നിമിഷവും പൂവണിയാന്‍ ഇടയുള്ള വികാരണമാണ് പ്രണയം. അതുകൊണ്ട് അവിടെ പ്രായത്തിനോ, കാലത്തിനോ സ്ഥാനമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ ഒരു 78 കാരനും അദ്ദേഹത്തിന്റെ കാമുകിയും. നീണ്ട 63 വര്‍ഷത്തെ കാത്തിരിപ്പ് ശേഷമാണ് 78 കാരനായ തോമസ് മക്മീകിന്‍, തന്റെ ഹൈസ്കൂള്‍ ക്രഷായ നാന്‍സി ഗാംബെല്ലിനോട് പ്രണയം തുറന്ന് പറയുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തത്. ഇരുവരും തമ്മില്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ ആളുകള്‍ക്കിടയില്‍ വൈറലാകുന്നത്.
അരനൂറ്റാണ്ടിന് മേലെ താന്‍ മനസ്സില്‍ സൂക്ഷിക്കുന്ന പ്രണയം ടാമ്പ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് തോമസ് മക്മീകിന്‍ നാന്‍സി ഗാംബെല്ലിനോട് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രണയാഭ്യര്‍ത്ഥ നാന്‍സി ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ ചുറ്റുമുണ്ടായിരുന്ന കാഴ്ചക്കാര്‍ ഇരുവരെയും അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഹൃദയസ്പര്‍ശിയായ ഈ ഒത്തുചേരല്‍ സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. എയര്‍പോര്‍ട്ടിലെ തിരക്കില്‍ അക്ഷമയോടെ തന്റെ പ്രണയിനിയെ കാത്തു നില്ക്കുന്ന തോമസ് മക്മീകിനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുക. അല്‍പ്പ സമയം കഴിഞ്ഞതും വിമാനമിറങ്ങി വരുന്ന നാന്‍സിയെ അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുന്നതാണ് കാണുന്നത്. ഇരുവരും പരസ്പരം ചുംബിച്ചതിന് ശേഷം ഒരുമിച്ച് നടക്കുന്നു.
തുടര്‍ന്ന് നാന്‍സിയെ സ്വസ്ഥമായി ഒരിടത്ത് ഇരുത്തിയതിന് ശേഷം മുട്ടിന്മേല് നിന്ന് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന തോമസ് മക്മീകിനെ ആണ് വീഡിയോയില്‍ കാണുക. അദ്ദേഹം തന്റെ പ്രണയിനിക്ക് മുമ്പില്‍ തന്റെ ഹൃദയം തുറന്നു കൊണ്ട് അവരോട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്നു. അതിന് അവര്‍ 'യെസ്' എന്ന് ഉത്തരം നല്കിയതും സന്തോഷത്താല്‍ മതിമറന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് പരസ്പരം കെട്ടിപിടിക്കുന്നതുമാണ് വീഡിയോയില്‍. ഇരുവരുടെയും പ്രണയ സാഫല്യത്തിന് സന്തോഷത്തോടെ സാക്ഷികളാകുന്ന മറ്റ് നിരവധി യാത്രക്കാരെയും വീഡിയോയില്‍ കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകള്‍ നല്കി ഇരുവരെയും അഭിനന്ദിച്ചത്.






