
17 വര്‍ഷത്തിനു ശേഷം കോഴഞ്ചേരിയെ നടുക്കിയെ രമാദേവി കൊലക്കേസില്‍ വന്‍ വഴിത്തിരിവ്. ക്രൈം ബ്രാഞ്ച് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ രമാദേവിയുടെ ഭര്‍ത്താവ് സി.ആര്. ജനാര്ദ്ദനന് നായരെ അറസ്റ്റ് ചെയ്തു. രമാദേവിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച മുടിയിഴകളാണ് ഒടുവില്‍ യഥാര്‍ഥ പ്രതിയിലേക്ക് വിരല്‍ ചൂണ്ടിയത്.
വീട്ടിലെ ഊണുമുറിക്കരികില്‍ 2006 മേയ് 26നാണ് രമാദേവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ സമീപത്തെ കെട്ടിടത്തില്‍ പണിക്കു വന്നിരുന്ന തൂത്തുക്കുടി സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നീങ്ങിയത്. ഇയാളെയും ഭാര്യയെയും അന്വേഷണത്തിനിടെ കാണാതായത് സംശയം വര്‍ധിപ്പിച്ചു. ഇതിനിടയില്‍ രമാദേവിയുടെ ഭര്‍ത്താവ് പോലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശമനുസരിച്ച് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തു. കേസ് അന്വേഷണം വഴി തിരിച്ചുവിടാനായി പ്രതി പല തവണ ശ്രമിച്ചതായി ക്രൈംബ്രാഞ്ച് ആരോപിച്ചു. കൊലപാതകത്തിന് കാരണം ഭാര്യയോടുളള അമിതസംശയം നിമിത്തമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കുറ്റസമ്മതം നടത്തിയ പ്രതിയെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി.






