
മൃഗങ്ങളുടെയും പക്ഷികളുടെയും കൗതുകമുണര്‍ത്തുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇവയില്‍ ഭൂരിഭാഗവും അവിചിരതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ ആയിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മൃഗങ്ങളിലെ ഏറ്റവും കുസൃതിനിറഞ്ഞ ആനകുട്ടിയുടെ വീഡിയോയാണ് ഇത്.
@Buitengebieden എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയുടെ തുടക്കത്തില്‍ മനോഹരമായ ഒരു കുന്നിന് ചെരുവിലെ പുല്‍മൈതാനത്ത് ഒരു മാനിന്റെ പിന്നിലൂടെ ഓടുന്ന ആനക്കുട്ടിയെയാണ് കാണുന്നത്. പെട്ടെന്ന്, ആനക്കുട്ടി അല്പം മുകളിലായി ചിക്കിപ്പെറുക്കി നടക്കുന്ന കുറച്ച് പക്ഷികളെ കാണുന്നു. കൗതുകം തോന്നിയ അവന് മാനിനെ വിട്ട് അവയ്ക്ക് പിന്നാലെ ഓടുന്നു. ആന കുട്ടിയെ കണ്ടതും പക്ഷികള്‍ നാല് പാടും ചിതറി. ഇതിനിടെ ചിലത് വട്ടത്തില്‍ ഓടാന്‍ തുടങ്ങി. ആനക്കുട്ടി അവയെ പിന്തുടര്ന്നു. പക്ഷേ രണ്ട് വട്ടം കറങ്ങിയതോടെ അവന് കാല് തെറ്റി താഴെ വീണു. ഇത്രയും നേരം മകന്റെ കുസൃതികള്‍ ആസ്വദിച്ച് നിന്നിരുന്ന അമ്മയാന കുഞ്ഞ് താഴെ വീണത് കണ്ടയുടനെ അവന് അടുത്തേക്ക് ഓടാനായി ആഞ്ഞു. പക്ഷേ അതിന് മുമ്പ് തന്നെ വീണിടത്ത് നിന്നും പിടഞ്ഞെണീറ്റ കുട്ടിയാന ഓടി അമ്മയ്ക്കടുത്ത് എത്തുന്നതോടെ വീഡിയോ അവസാനിക്കുകയാണ്.
പെറ്റ് കലക്ടീവ് എന്ന ട്വിറ്റര്‍ അക്കൗണ്ട്, 'പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ കാര്യം ഞങ്ങള്‍ കണ്ടെത്തി! ' എന്ന് കുറിച്ചു കൊണ്ട് ജൂലൈ 6 ന് പങ്കുവച്ച വീഡിയോയായിരുന്നു ഇത്. എന്നാല്‍ അതേ വീഡിയോ Buitengebieden ജൂലൈ 8 -ാം തിയതി. 'ആനക്കുട്ടി പക്ഷികളെ പിന്തുടരുന്നു ' എന്ന് കുറിച്ച് കൊണ്ട് വീണ്ടും പങ്കുവച്ചപ്പോള്‍ കാഴ്ചക്കാരുടെ ഒരു വലിയ നിരതന്നെയുണ്ടായിരുന്നു. വീഡിയോ ഇതുവരെ കണ്ടത് ഒരു കോടി എഴുപത്തിയെട്ട് ലക്ഷത്തിലേറെ പേര്. രസകരമായ ഈ വീഡിയോ കണ്ട് നിരവധി ആളുകളാണ് മനോഹരമായ കമന്റുകള്‍ നല്‍കിയത്.
Baby elephant chasing birds.. 😊 pic.twitter.com/UzHGSX2LAd
— Buitengebieden (@buitengebieden) July 8, 2023






