
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തക്കാളിയുടെ വില കുത്തനെ ഉയര്‍ന്നത് വന്‍ വിവാദവും ചര്‍ച്ചയുമായിരിക്കുകയാണ്. പച്ചക്കറികളുടെ വില ഇത്തരത്തില്‍ കുതിച്ചുയരുന്നത് സാധാരണക്കാരിലാണ് ഇപ്പോള്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പലരും ഇന്ന് തക്കാളിയുടെ ഉപയോഗ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച പല വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോളിതാ അനുമതിയില്ലാതെ ഭര്‍ത്താവ് തക്കാളിയെടുത്ത് കറിവെച്ചതിന് ഭാര്യ പിണങ്ങിപ്പോയ സംഭവമാണ് ഏറെ ചര്‍ച്ചയാകുന്നത്.
മധ്യപ്രദേശിലെ ഷാഹ്ദോള്‍ ജില്ലയിലാണ് തക്കാളി കാരണം ദാമ്പത്യം തകരാന്‍ ഇടയാക്കിയത്.ഷാഹ്ദോള്‍ ജില്ലയില്‍ ടിഫിന്‍ സര്‍വീസ് നടത്തുന്ന സഞ്ജീവ് ബര്‍മനും ഭാര്യയുമാണ് തക്കാളിയുടെ പേരില്‍ പിണങ്ങിയത്. ഭാര്യയുടെ അനുമതിയില്ലാതെ രണ്ട് തക്കാളിയെടത്ത് സഞ്ജീവ് ബര്മന് കറി ഉണ്ടാക്കിയതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഒടുവില്‍ യുവതി മകളെയുംകൂട്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു.
ഇവര്‍ വീട് വിട്ട് ഇറങ്ങിയതിന് പിന്നാലെ ഭാര്യയെയും മകളെയും കണ്ടെത്താനായി സഞ്ജീവ് ബര്മന് പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. ഇതോടെ ഇദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. താന്‍ പാകം ചെയ്യുന്ന പച്ചക്കറി വിഭവത്തില്‍ ഒന്നിന് പകരം രണ്ട് തക്കാളി ഇട്ടതിനാലാണ് തര്‍ക്കം തുടങ്ങിയതെന്ന് സഞ്ജീവ് പറഞ്ഞു. മൂന്ന് ദിവസമായി ഭാര്യയോട് സംസാരിച്ചിട്ടില്ലെന്നും അവള് എവിടെയാണെന്ന് അറിയില്ലെന്നും ഇയാള്‍ പറഞ്ഞു.സഞ്ജീവിന്റെ ഭാര്യയുമായി ബന്ധപ്പെടാമെന്നും അവര്‍ ഉടന്‍ തിരിച്ചെത്തുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭാര്യയും മകളും തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് ഇദ്ദേഹം. ഏതായാലും ഇനി ഭാര്യയുടെ അനുമതിയില്ലാതെ താന്‍ അടുക്കളയില്‍ കയറില്ലെന്നാണ് സഞ്ജീവ് പറയുന്നത്.






