
കട്ടപ്പന: പേപ്പര്‍ തിരുകിക്കയറ്റി എ.ടി.എം. മെഷീന് ബ്ലോക്കാക്കിയ ശേഷം ഇടപാടുകാരെ സഹായിക്കാനെന്ന വ്യാജേന എ.ടി.എം കാര്‍ഡ് കൈക്കലാക്കി പണം തട്ടുന്നയാള്‍ പിടിയില്‍. തമിഴ്നാട് ബോഡി സ്വദേശി കാമരാജ് (46) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.
എ.ടി.എം കാര്‍ഡ് വാങ്ങിയശേഷം അത് ഒളിപ്പിച്ച് കസ്റ്റമര്‍ അറിയാതെ അതുപോലൊന്ന് മെഷീനില്‍ ഇടും. തുടര്‍ന്ന് പിന് നമ്പര്‍ അടിപ്പിച്ച് അത് മനസിലാക്കും. ഇന്‍കറക്റ്റ് പിന് എന്ന് സ്ക്രീനില്‍ കാണുന്നതോടെ പണമെടുക്കാന്‍ വന്നയാള്‍ സ്ഥലം വിടും. പിന്നാലെ ഒറിജിനല്‍ കാര്‍ഡുമായി മറ്റ് എ.ടി.എം. കൗണ്ടറുകളില്‍ എത്തി പണം തട്ടുകയായിരുന്നു പ്രതിയുടെ രീതി.
തമിഴ്നാട്ടിലും കര്‍ണാടകത്തിലും അടക്കം സമാന രീതിയില്‍ തട്ടിപ്പ് നടത്തി വന്‍ തുക െകെക്കലാക്കിയ കാമരാജ് ഒരു മാസം മുമ്പാണ് ചെെന്നെ ജയിലില്‍നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
കട്ടപ്പന സ്വദേശി ശ്രീജിത് എസ്. നായരുടെ പരാതിയിലാണ് ഏറ്റരുമൊടുവില് കട്ടപ്പന ഡിെവെ.എസ്.പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്. ഈ മാസം രണ്ടിന് കട്ടപ്പന ഇടശേരി ജങ്ഷനിലുള്ള എസ്.ബി.ഐ എ.ടി.എം കൗണ്ടറില്‍ പണം പിന്‍വലിക്കാനെത്തിയതായിരുന്നു ശ്രീജിത്ത്.
എന്നാല്‍, കാര്‍ഡ് മെഷീനില്‍ ഇടാന്‍ സാധിച്ചില്ല. സമീപത്തുള്ള കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നീ എ.ടി.എമ്മുകളില്‍ ചെന്നപ്പോഴും സമാനമായ അനുഭവമാണ് ഉണ്ടായത്. തുടര്‍ന്ന് എസ്.ബി.ഐയുടെ ഒന്നിലധികം മെഷീനുള്ള കൗണ്ടറില്‍ എത്തി. കാര്‍ഡ് മെഷീനില്‍ ഇടാനായില്ല.
തൊട്ടടുത്തുള്ള എ.ടി.എം മെഷീന് മുമ്പില്‍ പണവുമായി നിന്ന കാമരാജിനോട് എങ്ങനെയാണ് പണം കിട്ടിയത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ കാര്‍ഡ് വാങ്ങി. എ.ടി.എം മെഷീനില്‍ ഇട്ട് ശ്രീജിത്തിനെക്കൊണ്ട് പിന് നമ്പര്‍ അടിപ്പിച്ചു. ഇന്‍കറക്റ്റ് പിന് എന്ന് കണ്ടതോടെ കാര്‍ഡുമായി ശ്രീജിത്ത് മടങ്ങി. കൂടുതല്‍ എ.ടി.എമ്മുകളില്‍ ഉപയോഗിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ശ്രീജിത്തിനെ പ്രതി വിശ്വസിപ്പിച്ചത്.
അടുത്ത ദിവസം രാവിലെ മുതല്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതായുള്ള സന്ദേശം വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതെന്ന് മനസിലാക്കിയത്. ബാങ്കിനെ സമീപിച്ചപ്പോള്‍ െകെയിലിരിക്കുന്നത് മറ്റാരുടെയോ പണമില്ലാത്ത എ.ടി.എം കാര്‍ഡ് ആണെന്ന് ബോധ്യമായി. തുടര്‍ന്നു പോലീസിനെ സമീപിക്കുകയായിരുന്നു.
സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ബോഡിയിലുള്ള വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിെവെ.എസ്.പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തില്‍ കട്ടപ്പന ഐ.പി. ടി.സി. മുരുകന്, ഡി.െവെ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്.ഐ സജിമോന്‍ ജോസഫ്, വി.കെ. അനീഷ് എന്നിവര്‍ ചേര്‍ന്ന് തമിഴ്നാട് ക്രൈം പോലീസിലുള്ള എസ്.ഐ ഷംസുദ്ദീന്, സേതുപതി എന്നിവരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലായി മുപ്പതോളം സമാന കുറ്റക്യത്യങ്ങളില്‍ പ്രതിയാണ് കാമരാജ്. തമിഴ്നാട്ടില്‍ 27 കേസുകളില്‍ വിചാരണ നേരിടുന്നുണ്ട്. പീരുമേട്, കുമളി, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍, ഏലപ്പാറ എന്നിവിടങ്ങളിലും ഇതേ രീതിയില്‍ പണം തട്ടിയതായി പ്രതി സമ്മതിച്ചു.






