കൊച്ചി: തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ എല്‍ഡിഎഫ് അവിശ്വാസം പാസായി. ലീഗ് അംഗം എ.എ ഇബ്രാഹിംകുട്ടിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ലീഗ് അംഗങ്ങള്‍ അനുകൂലിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നു. ഇബ്രാഹിംകുട്ടിയോട് രാജിവയ്ക്കാന്‍ ലീഗ് ആവശ്യപ്പെട്ടിരുന്നു.
മുന്‍ധാരണ പ്രകാരം രണ്ടര വര്‍ഷം കഴിഞ്ഞിട്ടും വൈസ് ചെയര്മാന് സ്ഥാനമൊഴിയാന്‍ ലീസ് അംഗം തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്നാണ് ഭരണകക്ഷി അംഗങ്ങള്‍ തന്നെ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം ചെയര്‍പേഴ്സനെതിരെ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നിരുന്നു. കോണ്‍ഗ്രസിലെ നാല് വിമതര്‍ എല്‍ഡിഎഫ് പക്ഷത്തിനൊപ്പം നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചെയര്‍പേഴ്സണായിരുന്ന അജിത തങ്കപ്പന് രാജിവച്ചതോടെ വിമതര്‍ യുഡിഎഫിനൊപ്പം നില്‍ക്കുകയും അധികാരം നിലനിര്‍ത്തുകയുമായിരുന്നു.






