
സെല്‍ഫി തരംഗമായതോടെ ഇതിനായി സാഹസിക മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരാണ് യുവാക്കളില്‍ ഭൂരിഭാഗവും. സെല്‍ഫി ഭ്രമത്തില്‍ ജീവന് നഷ്ടമയാവരുടെ നിരവധി വാര്‍ത്തകള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുമുണ്ട്. ഇപ്പോഴിതാ സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം ഹെലിപാഡിനുള്ളില്‍ നിന്നുകൊണ്ട് സെല്‍ഫി എടുക്കാന്‍ ഒരു ചെറുപ്പക്കാരന് നടത്തിയ അതിസാഹസിക ശ്രമമാണ് കാണികളുടെ വിമര്‍ശനം ഏറ്റുവാങ്ങുന്നത്.
കേദാര്‍നാഥ് ഹെലിപാഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹെലികോപ്ടര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടയിലാണ് സെല്‍ഫി എടുക്കാന്‍ ഉള്ള ആവേശത്തില്‍ ഒരു ചെറുപ്പക്കാരന് ഹെലിപാഡിനുള്ളിലേക്ക് ഓടിക്കയറുകയും ഗുരുതരമായ സുരക്ഷാ ഭീഷണി ഉണ്ടാക്കുകയും ചെയ്തത്. ഹെലിപാഡ് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ ആണ് ഈ ചെറുപ്പക്കാരന്റെ ജീവന് രക്ഷപ്പെടുത്തിയത്. സംഭവത്തിന് ദൃക്സാക്ഷിയായ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച ആവുകയാണ്.
സംഭവം പുറത്തറിഞ്ഞതോടെ സെല്‍ഫി ഭ്രമം പൂണ്ട ചെറുപ്പക്കാരന്റെ പെരുമാറ്റത്തെക്കുറിച്ച് രൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഹെലികോപ്റ്റര്‍ പറന്നുയരാന്‍ തുടങ്ങുന്നതിന്റെ ദൃശ്യങ്ങളിലാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടന്നാണ് അവിടേക്ക് ഒരു ചെറുപ്പക്കാരന് ഓടിവരുന്നത്. ആദ്യം അയാള്‍ ഹെലിപാഡിന് പുറത്തുനിന്നുകൊണ്ടുതന്നെ ഹെലികോപ്റ്റര്‍ പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു.
തുടര്‍ന്ന് ഹെലിപാഡിനുള്ളിലേക്ക് കയറി തന്റെ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഹെലിപാഡില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയില്‍ ഈ ചെറുപ്പക്കാരന് പെട്ടത്. ഉടന്‍തന്നെ ഒരാള്‍ ഓടിയെത്തി ഹെലിപാഡിനുള്ളില്‍ നിന്നും അയാളെ വലിച്ച് പുറത്തേക്ക് ഇറക്കുന്നു. ഈ സമയം രണ്ട് ഹെലിപാഡ് ജീവനക്കാര്‍ കൂടി എത്തി യുവാവിനെ അവിടെ നിന്നും തല്ലി ഓടിക്കുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്.
ये ज़िंदगी में सेल्फ़ी ना लेगा दुबारा
https://t.co/oRbOs7OYtm— Gurpreet Garry Walia (@GarryWalia_) July 14, 2023






