
മഹാരാഷ്ട്രയില്‍ തക്കാളി വില്പനയിലൂടെ ഒരു മാസം കൊണ്ട് കോടീശ്വരനായ ഒരു കര്‍ഷകന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 13,000 തക്കാളി പെട്ടികള്‍ വിറ്റ് തുക്കാറാം ഭാഗോജി ഗയാക്കറും കുടുംബവുമാണ് ഒരു മാസം കൊണ്ട് 1.5 കോടിയിലധികം സമ്പാദിച്ചത്.
18 ഏക്കര്‍ കൃഷിഭൂമിയാണ് തുക്കാറാമിന് ഉള്ളത്. ഇതില്‍ 12 ഏക്കര്‍ സ്ഥലത്താണ് ഇയാള്‍ തക്കാളി കൃഷി ചെയ്യുന്നത്. മകന് ഈശ്വര്‍ ഗയാക്കറും മരുമകള്‍ സൊനാലിയും ചേര്‍ന്നാണ് കൃഷി ചെയ്യുന്നത്. തങ്ങള്‍ നല്ല ഗുണനിലവാരമുള്ള തക്കാളിയാണ് കൃഷി ചെയ്യുന്നതെന്ന് കുടുംബം പറഞ്ഞു. 900 പെട്ടി തക്കാളി വിറ്റപ്പോള്‍ 18 ലക്ഷം രൂപയാണ് വെള്ളിയാഴ്ച ഗയാക്കറിന് ലഭിച്ചത്.
ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം ഒരു പെട്ടിക്ക് 1,000 രൂപ മുതല്‍ 2,400 രൂപ വരെ വിലയ്ക്ക് തക്കാളി വിറ്റിരുന്നു.തുക്കാറാമിന്റെ മരുമകള്‍ സൊനാലി നടീല്‍, വിളവെടുപ്പ്, പായ്ക്കിംഗ് തുടങ്ങിയ ജോലികള്‍ കൈകാര്യം ചെയ്യുമ്പോള്‍, മകന് ഈശ്വര്‍ നടത്തിപ്പ്, വില്‍പ്പന, സാമ്പത്തിക ആസൂത്രണം എന്നിവ കൈകാര്യം ചെയ്യുന്നു. മൂന്ന് മാസത്തെ കഠിനാധ്വാനത്തിന് നല്ല ഫലം ലഭിച്ചുവെന്നാണ് കുടുംബം പറയുന്നത്.






