
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെ വ്യത്യസ്തമാര്‍ന്ന രീതിയില്‍ ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ ആളുകളില്‍ ഭൂരിഭാഗവും. ഇതില്‍ പ്രധാനമാണ് ബെര്‍ത്ത്ഡേ ആഘോഷങ്ങള്‍. ചിലര്‍ എല്ലാവര്ക്കും ഒപ്പം ഇരുന്ന് ആഘോഷിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ മറ്റ് ചിലര്‍ക്ക് രഹസ്യമായി ആഘോഷിക്കാനാണ് ഇഷ്ടം. എന്നാല്‍ ഇപ്പോഴിതാ ഒരു യുവാവിന്റെ ബെര്‍ത്ത്ഡേ ആഘോഷമാണ് സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്. കാരണം നടുറോഡിലായിരുന്നു ആഘോഷം.
ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് രസകരമായ ഈ സംഭവം. നടുറോഡില്‍ നടന്ന പിറന്നാള്‍ ആഘോഷത്തെ തുടര്‍ന്ന് റോഡ് മൊത്തം ബ്ലോക്കായി. തെരുവിന്റെ നടുക്ക് വെറുതെ പിറന്നാള്‍ ആഘോഷിക്കുകയല്ല യുവാവ് ചെയ്തത്, പടക്കവും പൊട്ടിച്ചു. ഈ പടക്കം പൊട്ടിക്കല്‍ 30 മിനിറ്റ് നേരം നീണ്ടുനിന്നു. ആ 30 മിനിറ്റ് നേരം ട്രാഫിക് സ്തംഭിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആളുകളെല്ലാം അന്തം വിട്ടുപോയി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും വിവിധ മാധ്യമങ്ങളില്‍ പ്രചരിച്ചു.
പ്രദീപ് റാത്തോര്‍ എന്ന യുവാവാണ് തന്റെ പിറന്നാള്‍ തെരുവില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഇയാള്‍ ബിജെപി സോഷ്യല്‍ മീഡിയ ടീമിലെ അംഗമാണ് എന്ന് പറയുന്നു. വീഡിയോ പ്രചരിച്ചതോടെ നിരവധി ആളുകളാണ് യുവാവിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.






