
വിവര സാങ്കേതിക നിയമം സര്‍ക്കാരിനെതിരായ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഭേദഗതി ചെയ്ത നടപടിയെ വിമര്‍ശിച്ച് ബോംബൈ ഹൈക്കോടതി. ഉറുമ്പിനെ കൊല്ലാന്‍ ചുറ്റികയുടെ ആവശ്യമില്ലെന്നും അസാധാരമായ ഒന്നാണ് ഐടി നിയമ ഭേദഗതി എന്നുമാണ് ജസ്റ്റിസുമാരായ നീലാ ഗോഖലെ, ഗൗതം പട്ടേല്‍ എന്നിവരുടെ ഡിവിഷന് ബെഞ്ച് പറഞ്ഞിരിക്കുന്നത്.
സര്‍ക്കാരിന് വ്യാജനോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ ഏതെന്ന് തീരുമാനിക്കാന്‍ പൂര്‍ണാധികാരം നല്്കുന്നതിനെ കുറിച്ച് മനസിലാകുന്നില്ലായെന്നും കോടതി പറഞ്ഞു. കേന്ദ്രം നല്കിയ സത്യവാങ്ങ്മൂലം രണ്ടാവര്‍ത്തി വായിച്ചു. പക്ഷേ വ്യാജനായി കണക്കാക്കുന്ന ഐടി നിയമത്തിന്റെ അതിര്‍വരമ്പുകളെക്കുറിച്ച് മനസിലായില്ല എന്നും ജസ്റ്റിസ് ഗൗതം പട്ടേല്‍ പറഞ്ഞു. സര്‍ക്കാരും ജനാധിപത്യ പ്രക്രിയയില്‍ പൗരനെപ്പോലെ പങ്കാളിയാണ്. അതുകൊണ്ട് പൗരന് ചോദ്യങ്ങള്‍ ചോദിക്കാനും മറുപടി ആവശ്യപ്പെടാനുമുള്ള മൗലികാവകാശമുണ്ട്. മറുപടി നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടതി പറഞ്ഞു.
ഭേദഗതി പ്രകാരം സ്ഥാപിക്കുന്ന ഫാക്ട് ചെക്കിങ് യൂണിറ്റില്‍ ആരാണ് വസ്തുത പരിശോധിക്കുന്നതെന്നും കോടതി ചോദിച്ചു. ഭേദഗതി അമിതാധികാരമാണെന്ന ഹര്‍ജിക്കാരുടെ വാദത്തെ കോടതി അംഗീകരിച്ചു. ഏതെങ്കിലും തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ വരുന്നവയുടെ വസ്തുത പരിശോധിക്കണമെന്നും കോടതി പറഞ്ഞു. വ്യാജനെതെന്ന് ഊഹത്തിലൂടെയാണോ കണ്ടെത്തുന്നതെന്നും കോടതി ചോദിച്ചു. ഏതാണ് സത്യം അസത്യമെന്ന് വിധിക്കാന്‍ കോടതിക്കല്ലാതെ മറ്റാര്‍ക്കും അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.






