ന്യുഡല്‍ഹി: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് സുപ്രീം കോടതിയില്‍ നിന്ന് വലിയ ആശ്വാസം. മഅദനിക്ക് കോടതി പൂര്‍ണ്ണമായ ജാമ്യം അനുവദിച്ചു. കര്‍ണാടക പോലീസിന്റെ അകന്പടിയില്ലാതെ മഅദനിക്ക് കേരളത്തില്‍ വരാനും പിതാവിനെ കാണാനും കോടതി അനുമതി നല്കി. കൊല്ലത്തെ കുടുംബവീട്ടിലെത്തി മഅദനിക്ക് പിതാവിനെ കാണാം. 15 ദിവസം കൂടുമ്പോള്‍ കൊല്ലം പോലീസിനെ വിവരങ്ങള്‍ അറിയിക്കണം. വീടിനടുത്തുള്ള സ്റ്റേഷനിലാണ് വിവരങ്ങള്‍ അറയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
വിചാരണ നടപടികള്‍ കഴിയുന്നത്വരെ മഅദനി ബംഗലൂരുവില്‍ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഇനിയുള്ള കാലം പോലീസ് അകമ്പടിയില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാം.
കഴിഞ്ഞ മാസം 12 ദിവസത്തെ അനുമതിയുമായി കേരളത്തില്‍ എത്തിയ അബ്ദുള്‍ നാസര്‍ മഅദനിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിക്കേണ്ടിവന്നിരുന്നു. ഇതേതുടര്‍ന്ന് പിതാവിനെ കാണാതെ മടങ്ങേണ്ടിവന്നിരുന്നു. വീല്‍ ചെയറില്‍ കഴിയുന്ന മഅദനിക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍, ഹാരീസ് മീരാന്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.
കര്‍ണാടക പോലീസിന്റെ ചെലവ് താങ്ങാന്‍ കഴിയുന്നില്ലെന്നും സുരക്ഷാ ചുമതല കേരള പോലീസിനെ ഏല്പിക്കണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം.
കര്‍ണാടകയില്‍ ഭരണമാറ്റം വന്നതോടെ മഅദനിയോടുള്ള നിലപാടില്‍ സര്‍ക്കാര്‍ അയവ് വരുത്തിയതോടെയാണ് ബംഗലൂവില് നിന്ന് മോചനം ലഭിക്കുന്നത്.






