
മലപ്പുറം: എടവണ്ണയില്‍ സദാചാര ആക്രമണക്കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയു പഞ്ചായത്ത് അംഗവുമടക്കം അഞ്ച് പേര് അറസ്റ്റില്‍. എടവണ്ണ പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, ഗഫൂര്‍ തുവക്കാട്, കരീം മുണ്ടേങ്ങര, മുഹമ്മദാലി തൃക്കലങ്ങോട് എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
ഒതായി സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഈ മാസം 13ന് ബസ് സ്്റ്റാന്‍ഡില്‍ വച്ചാണ് പെണ്‍കുട്ടിക്കും സഹോദരനും നേരത്തെ സദാഹാര ഗുണ്ടകളുടെ ആക്രമണമുണ്ടായത്. വണ്ടൂര്‍ കോഓപറേറ്റീവ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയും ഇവരുടെ ഇളയ സഹോദരനായ പ്ലസ് ടു വിദ്യാര്‍ഥിയായ കുട്ടിയും ഒരുമിച്ച് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു. ഈ സമയം ചിലര്‍ ഇരുവരുടേയും ഫോട്ടോയെടുക്കുകയായിരുന്നു. ഇത് തടഞ്ഞതിനെ തുടര്‍ന്ന് ഇരുവരേയും സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ അവശ്യപ്പെട്ടതോടെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പരാതി നല്‍കിയെങ്കിലും പോലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചെന്ന ആരോപണമുണ്ട്.
അതിനിടെ എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ അഞ്ച് മണിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ നില്‍ക്കരുതെന്നും കോണിക്കൂടിലും ഇലമറവിലും വിദ്യാര്‍ത്ഥികളെ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ് നല്കി പോസ്റ്റര്‍ വച്ചു. തിരിച്ചു വിദ്യാര്‍ത്ഥികളും പോസ്റ്റര്‍ സ്ഥാപിച്ചു. സദാചാര കമ്മിറ്റിക്കാരായ ആങ്ങളമാര് ആദ്യം തങ്ങളുടെ മക്കളുടെ മൊബൈല്‍ പരിശോധിക്കാനായിരുന്നു നിര്‍ദേശം. രണ്ടു പോസ്റ്ററുകളും പോലീസ് പിന്നീട് എടുത്തുമാറ്റി.






