
കടലാമയ്ക്ക് സിടി സ്കാന്‍ എടുത്ത വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വംശനാശഭീഷണി നേരിടുന്ന കെംപ്സ് റിഡ്ലി ഇനത്തില്‍പ്പെട്ട കടലാമയായ കാലെയ്ക്കാണ് യുഎസിലെ അലബാമയിലെ ഡെകാതുര്‍ മോര്ഗന് ഹോസ്പിറ്റലില്‍ വച്ച് സിടി സ്കാന്‍ നടത്തിയത്. ഇതോടെ ആശുപത്രിയിലെ ആദ്യത്തെ മൃഗരോഗിയായി ഈ ആമ മാറി. 2020 മുതല്‍ കാലെ താമസിക്കുന്ന കുക്ക് മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയാണ് ഈ സിടി സ്കാന്‍ ചിത്രങ്ങള്‍ തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ പങ്കുവച്ചത്.
2019 ല്‍ മത്സ്യബന്ധന തൊഴിലാളികളുടെ കൊളുത്തില്‍ കുരുങ്ങിയ ആമയുടെ പുറന്തോടിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇത് ആമയ്ക്ക് ആഴത്തിലുള്ള അണുബാധയാണ് സമ്മാനിച്ചത്. പരുക്ക് കാരണം കടലിലേക്ക് തിരിച്ചയക്കാന്‍ കഴിഞ്ഞില്ല. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അവന് ഇപ്പോള്‍ സ്ഥിരമായി മൃഗഡോക്ടറുടെ പരിശോധനയും ചികിത്സയും ആവശ്യമാണെന്ന് മ്യൂസിയം ജീവനക്കാര്‍ പറഞ്ഞതായി, മിയാമി ഹെറാള്‍ഡ് പങ്കുവച്ചു. കാലെയുടെ അണുബാധ എങ്ങനെ. എത്രത്തോളം സുഖപ്പെട്ടു എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിടി സ്കാന്‍ നടത്തിയത്. ''ഡെകാതുര്‍ മോര്ഗന് ഹോസ്പിറ്റലില്‍ സിടി സ്കാന്‍ ലഭിച്ച ആദ്യ മൃഗമായി കാലെ ഇന്ന് ചരിത്രം സൃഷ്ടിച്ചു. കാലെയുടെ ഉറന്തോടിലേറ്റ ആഴത്തിലുള്ള അണുബാധയുടെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തുന്നതിനുള്ള മികച്ച ഉപകരണമാണ് സിടി സ്കാന്‍. ഇത് സാധ്യമാക്കിയ ഡെക്കാറ്റര്‍ മോര്ഗന് ഹോസ്പിറ്റല്‍ സ്റ്റാഫിനും അസോസിയേറ്റ്സിനും ഞങ്ങളുടെ മ്യൂസിയത്തിനും വെറ്റിനറി സ്റ്റാഫിനും വലിയ നന്ദി.' കുക്ക് മ്യൂസിയം ഓഫ് നാച്ചുറല്‍ സയന്‍സ് തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് കുറിച്ചു.
''അവന് ഒരു കടലാമയാണ്, അതിനാല്‍ അവന് എന്തിനാണ് അതിലൂടെ കടന്നുപോകുന്നതെന്ന് എനിക്ക് അവനോട് പറയാന്‍ കഴിയില്ല. എന്നാല്‍ ഞങ്ങള്‍ അവനുമായി എല്ലാ ആഴ്ചയും ഒരു നടപടിക്രമം നടത്തുന്നു, പക്ഷേ, ആരും എപ്പോഴും ഡോക്ടറുടെ അടുത്ത് പോകാന്‍ ആഗ്രഹിക്കാത്തത് പോലെ അവനും എപ്പോഴും അത് ഇഷ്ടപ്പെടണമെന്നില്ല,'' കുക്ക് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ലൈവ് അനിമല്‍ മാനേജര്‍ കസാന്ദ്ര വോര്ലണ്ട് കൂട്ടിച്ചേര്‍ത്തു. അറ്റ്ലാന്റിക് റിഡ്ലി കടലാമ എന്ന് അറിയപ്പെടുന്ന ഇവ ഇന്ന് ലോകത്തിലെ ഏറ്റവും അപൂര്‍വമായ കടലാമകളില്‍ ഒന്നാണ്.






