
ലൈംഗികാതിക്രമക്കേസില്‍ 64 -കാരനായ ബിസിനസുകാരനെ കുടുക്കാന്‍ യുവതിയും കൂട്ടാളികളും ഉപയോഗിച്ചത് കോഴിയുടെ ചോര. ഇവരില്‍ നിന്നും 3.26 കോടി രൂപ തട്ടിയെടുത്തതായാണ് വിവരം. മുംബൈ പോലീസ് 2021 -ലെ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കേസില്‍ കുറ്റക്കാരായി പറയുന്നത് ദേവ് ചൗധരി എന്ന മോണിക്ക ഭഗവാനും കൂട്ടാളികളായ ആകാശ് എന്ന അനില്‍ ചൗധരി, ജ്വല്ലറിക്കാരനായ മനീഷ് സോഡി, ഫാഷന്‍ ഡിസൈനറായ സപ്ന എന്ന ലുബ്ന വസീര്‍ എന്നിവരാണ് എന്നാണ്.
ഒരു വ്യവസായി 2021 ല്‍ മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നുള്ള സഹാര്‍ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്കുകയുണ്ടായി. അതില്‍ പറയുന്നത്, മോണിക്ക എന്ന സ്ത്രീയും സംഘവും തന്നെ പറ്റിച്ച് മൂന്ന് കോടി രൂപ തട്ടിയെടുത്തു എന്നാണ്. 2019 -ല്‍ അവര്‍ ഈ വ്യവസായിയുടെ ഒരു വീഡിയോ പകര്‍ത്തുകയും അതുപയോഗിച്ച് അയാളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. വ്യവസായിക്കെതിരെ പീഡനത്തിന് കേസ് കൊടുക്കും എന്നായിരുന്നു ഭീഷണി. ഇവര്‍ ഇങ്ങനെ ഭീഷണിപ്പെടുത്തി രണ്ട് വര്‍ഷം കൊണ്ട് വലിയ തുക തന്നെ വ്യവസായിയില്‍ നിന്നും കൈക്കലാക്കി.
ഇയാള്‍ 2016 -ല്‍ ഗോവയില്‍ വച്ചാണ് അനില്‍ ചൗധരി എന്നയാളെ കണ്ടുമുട്ടുന്നത്. ശേഷം പരസ്പരം ഇവര്‍ നമ്പര്‍ കൈമാറി. ഇരുവരും പരസ്പരം വിളിക്കാറും ഉണ്ടായിരുന്നു. 2018 -ല്‍ അനില്‍ ബിസിനസുകാരന് ഫാഷന്‍ ഡിസൈനറായ സപ്ന എന്ന ലുബ്ന വസീറിനെ പരിചയപ്പെടുത്തി. 2019 മാര്‍ച്ചില്‍ മുംബൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ സപ്നയും മോണിക്കയുമായി ഒരുമിച്ച് ഡിന്നര്‍ കഴിക്കാമെന്നും അനില്‍ ചൗധരി പറഞ്ഞു. ബിസിനസുകാരന് അത് സമ്മതിച്ചു. ശേഷം സപ്നയും മോണിക്കയും റൂമിലെത്തി. എന്നാല്‍, കുറച്ച് കഴിഞ്ഞപ്പോള്‍ സപ്ന റൂമില്‍ നിന്നും പുറത്ത് പോയി. ഹോട്ടലിന്റെ ലോബിയില്‍ ഒരാള്‍ക്ക് ഒരു ഡോക്യുമെന്റ് കൊടുക്കാനുണ്ട് എന്നും പറഞ്ഞാണ് സപ്ന പോയത്. പിന്നാലെ മോണിക്ക വാഷ്റൂമിലും പോയി. തൊട്ടുപിന്നാലെ ആരോ വാതിലില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ സപ്ന വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. മോണിക്കയെ ബിസിനസുകാരന് പീഡിപ്പിച്ചു എന്നും അവള് ആരോപിച്ചു. ആ സമയം മോണിക്ക വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി ഒരു ബെഡ്ഷീറ്റ് മാത്രം പുതച്ച് വാഷ്റൂമില്‍ നിന്നും പുറത്ത് വന്നു. ദേഹത്ത് ചോരയും ഉണ്ടായിരുന്നു. അത് പീഡനത്തില്‍ സംഭവിച്ചതാണ് എന്നാണ് മോണിക്ക പറഞ്ഞത്. എന്നാല്‍, പിന്നീട് അത് കോഴിയുടെ ചോരയാണെന്ന്് തെളിയുകയായിരുന്നു.
ബിസിനസുകാരന് പേടിച്ച് അനിലിനെ വിളിക്കുകയും ഇവര്‍ ചേര്‍ന്ന് ഇയാളോട് 10 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു്. ഇത് നല്‍കിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. ആദ്യം 75 ലക്ഷം കൊടുത്തുവെങ്കിലും രണ്ട് വര്‍ഷത്തിനിടയില്‍ നിരന്തരം ഇത് പറഞ്ഞ് ഭീഷണിപ്പെടുത്തി മൂന്ന് കോടിയിലധികം രൂപ ഇയാളില്‍ നിന്നും മൂന്നുപേരും വാങ്ങിയെടുക്കുകയുണ്ടായി. നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ പരാതി നല്‍കിയത്.






