
പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ കാണാന്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദറിനെ സംബന്ധിച്ച ദുരൂഹതകള്‍ ഏറുന്നു. അനധികൃതമായി സച്ചിന് മീണ എന്ന യുവാവിനൊപ്പം കഴിയാന്‍ ഇന്ത്യയിലേക്ക് കടന്ന സീമ ഹൈദര്‍ എന്ന പാകിസ്ഥാന് യുവതി പബ്ജി എന്ന ഗെയിമിലൂടെ ഇന്ത്യയിലെ മറ്റ് നിരവധി ആളുകളുമായി ബന്ധപ്പെട്ടിരുന്നതായി ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ.
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സുമായും (ഐഎസ്ഐ) പാകിസ്ഥാന് സൈന്യവുമായും സീമയ്ക്ക് ബന്ധമുണ്ടോയെന്ന് എടിഎസ്, ഇന്റലിജന്‍സ് ബ്യൂറോ എന്നീ അന്വേഷണ സംഘങ്ങള്‍ അന്വേഷിച്ചു വരികയാണ്. എടിഎസ് തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ ദില്ലി-എന്‍സിആറില്‍ നിന്നുള്ള ആളുകളുമായാണ് പബ്ജി വഴി തനിക്ക് കൂടുതല്‍ ബന്ധമുണ്ടായിരുന്നതെന്ന് സീമ വെളിപ്പെടുത്തി.
സീമ ചോദ്യം ചെയ്യലിനിടെ ഹൈദറിനോട് ഇംഗ്ലീഷിലെ ഏതാനും വരികള്‍ വായിക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ നന്നായി വായിക്കുക മാത്രമല്ല, അവ വായിക്കുന്ന രീതി വരെ വളരെ ശരിയായിരുന്നുവെന്ന് എടിഎസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിനിടെ സീമയെ തിരിച്ച് പാകിസ്ഥാനിലേക്ക് അയക്കണമെന്ന് ഭര്‍ത്താവ് അഭ്യര്‍ത്ഥിച്ചു. ഇപ്പോഴും സീമയെ പഴയ പോലെ തന്നെ സ്നേഹിക്കുന്നുണ്ടെന്നും അത് എക്കാലവും തുടരുമെന്നും ഭര്‍ത്താവ് ഗുലാം ഹൈദര്‍ പറയുന്നു. ഗുലാം തന്റെ ഭാര്യ സീമ ഹൈദറിനെയും കുട്ടികളെയും തിരികെ അയക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യര്‍ത്ഥിച്ചിരുന്നു.






