
ഇന്ത്യയില്‍ ബ്രഹ്മപുത്ര എന്നറിയപ്പെടുന്ന ടിബറ്റിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള യാര്‍ലുങ്-സാങ്പോ നദിയുടെ താഴ്ന്ന ഭാഗത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി ചൈന. 60 ജിഗാവാട്ട് ആസൂത്രിത ശേഷിയുള്ള ചൈനയുടെ മെഗാ പ്രോജക്റ്റ്, ഇരുരാജ്യങ്ങളുടെയും ശക്തമായ സൈനിക സാന്നിധ്യമുള്ള പ്രദേശത്താണ് നിര്‍മ്മിക്കപ്പെടുന്നത്. ഈ അണക്കെട്ട് ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത സൗകര്യമായ 'ത്രീ ഗോര്‍ജസ് ഡാം' മിനെ മറികടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയുടെ അണക്കെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വരാറുണ്ടെങ്കിലും പദ്ധതികളുടെ വ്യാപ്തിയും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും ചൈന ഇതുവരെ പുറത്തുവിടാത്തതിനാല്‍ അവ എപ്രകാരമാണെന്ന് വ്യക്തമല്ല.
കൈലാസ് പര്‍വതത്തിനടുത്തുള്ള ആംഗ്സി ഹിമാനിയില്‍ നിന്ന് ഉത്ഭവിച്ച്, ബറ്റ് സ്വയംഭരണ മേഖലയിലൂടെ യാര്‍ലുങ് സാങ്ബോ ബ്രഹ്മപുത്രയായി ഇന്ത്യയിലേക്ക് ഒഴുകുന്നു. പിന്നീട് ഇത് ബംഗ്ലാദേശില്‍ ശക്തമായ ഡെല്‍റ്റ രൂപപ്പെടുത്തുന്നു. ഇതിനിടെ നദി 3,969 -കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നു. യാര്‍ലുങ്-ത്സാങ്പോ അഥവാ ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരു യൂ ടേണ്‍ വളവ് തിരിയുന്നു. ഈ സ്ഥലത്താണ് 60 മെഗാ വാട്ടിന്റെ ജലവൈദ്യുത വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ചൈന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവിടെ ഡാം പണിത് വെള്ളം ചൈനയിലേക്ക് തിരിച്ച് വിടാനുള്ള ശ്രമങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് ഇന്ത്യയില്‍ വലിയ തോതിലുള്ള പരിസ്ഥിതിക, ജല പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
എന്നാല്‍ ഈ പദ്ധതി ചൈനീസ് ജലവൈദ്യുത വ്യവസായത്തിന് ചരിത്രപരമായ അവസരമായിരിക്കും എന്നാണ് പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ഓഫ് ചൈനയുടെ ചെയര്മാന് പറയുന്നത്, ' അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് 300 ബില്യണ്‍ നല്കാന് കഴിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 2021 വരെ ഈ ജലവൈദ്യുത പദ്ധതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതിന് ശേഷം ഇപ്പോഴാണ് വീണ്ടും പദ്ധതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.






