
ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിലെ സോഹ്ന പട്ടണത്തില്‍ ആള് താമസമില്ലാത്ത നാല് ഗ്രാമങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധ നേടുന്നത്. ജലാല്‍പൂര്‍, പുലാവാസ്, റോജ്ക ഗുര്‍ജാര്‍ എന്നിവയാണ് ആ നാല് ഗ്രാമങ്ങള്‍. റവന്യൂ വകുപ്പിന്റെ രേഖകള്‍ അനുസരിച്ച്, ഈ ഗ്രാമങ്ങള്‍ക്ക് വെളിച്ചമില്ലാത്ത ഇടം എന്ന് അര്‍ത്ഥം വരുന്ന ബെച്ചിരാഗ് എന്നാണ് വിശേഷണം നല്‍കിയിരിക്കുന്നത്.പെട്ടെന്ന് ഒരു ദിവസം ഈ ഗ്രാമങ്ങളില്‍ ജനവാസം ഇല്ലാതായതല്ല. മറിച്ച് 100 വര്‍ഷത്തിലധികമായി ഈ ഗ്രാമങ്ങളില്‍ ആളുകള്‍ താമസിക്കാറില്ല.
ആയിരക്കണക്കിന് ഏക്കറുള്ള ഈ ഗ്രാമങ്ങളിലെ ഭൂമി കൃഷിക്കായി മാത്രമാണ് ഉപയോഗിച്ചു വരുന്നത്. ഈ ഗ്രാമങ്ങളില്‍ എവിടെയും വൈദ്യുതി വിതരണം ഇല്ല. വൈദ്യുതി എത്തിക്കുന്നതിനോ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ കലാകാലങ്ങളായി ഈ ഗ്രാമങ്ങളിലേക്ക് ആരും തിരിഞ്ഞു നോക്കാറില്ല എന്നതാണ് സത്യം. പകല്‍ സമയങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഈ ഗ്രാമങ്ങളില്‍ വന്ന് കന്നുകാലികള്‍ക്ക് തീറ്റ ശേഖരിച്ച് വീടുകളിലേക്ക് മടങ്ങുന്നു. പകല്‍സമയത്ത് കുറച്ച് ആളുകളെ മാത്രമേ കാണാനാകൂ; എന്നാല്‍ സൂര്യന് അസ്തമിച്ചാല് പിന്നെ ഈ ഗ്രാമങ്ങളില്‍ ജനങ്ങളെ കാണാനേ ആകില്ല. എന്നാല്‍ എന്തുകൊണ്ടാണ് ആളുകള്‍ ഇവിടെ താമസിക്കാത്തതെന്ന് ആര്‍ക്കും അറിയില്ല.
ഖോബ്രി വില്ലേജിന്റെ മൊത്തം ഭൂവിസ്തൃതി ഏകദേശം 196 ഹെക്ടറാണ്. ജലാല്‍പൂരില്‍ 142 ഹെക്ടര്‍ ഭൂമിയുണ്ട്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുള്ള കുത്തനെയുള്ള പ്രദേശമാണ് റോജ്ക. ഇത് ഗുര്‍ജാര്‍ ദംദാമ തടാകത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. പുല്വാസില് 130 ഹെക്ടര്‍ ഭൂമിയുണ്ട്. വര്‍ഷങ്ങളായി ഈ ഭൂമികളൊക്കെയും കൃഷിക്ക് മാത്രമായിട്ടാണ് പ്രയോജനപ്പെടുത്തുന്നത്.






