
ന്യൂഡല്‍ഹി : എം ശിവശങ്കറിന്റെ ജാമ്യപേക്ഷ ആഗസ്ത് ആദ്യ വാരം പരിഗണിക്കാന്‍ സൂപ്രീം കോടതി മാറ്റി. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് നടപടി. ശിവശങ്കറിന്റെ ആരോഗ്യനില മോശമെന്ന് സീനിയര്‍ അഭിഭാഷകന് ജയദീപ് ഗുപ്ത സുപ്രീംകോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്കാന് തീരുമാനിച്ചെങ്കിലും ശിവശങ്കര്‍ നിരസിച്ചെന്ന് ഇഡി കോടതിയില്‍ പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ മതിയാകില്ലെന്നാണ് ശിവശങ്കര്‍ പറയുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിട്ടും സര്‍ക്കാര്‍ ആശുപത്രികള്‍ പോരെന്ന് പറയുന്നത് എന്തന്നെ് കോടതി ചോദിച്ചു. ആരോഗ്യ കാരണങ്ങള്‍ ഉയര്‍ത്തി കീഴ്ക്കോടതിയെ സമീപിക്കാമെന്ന് അവധിക്ക് പിരിയുന്നതിന് മുന്‍പ് സുപ്രീംകോടതി എം ശിവശങ്കറിനോട് നിര്‍ദ്ദേശിച്ചിരുന്നു.
ഇതനുസരിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ എം ശിവശങ്കര്‍ ജാമ്യാപേക്ഷ നല്കി. എന്നാല്‍ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളി. തുടര്‍ന്ന് കീഴ്ക്കോടതി വിധി റദ്ദാക്കണമെന്ന ആവശ്യമുയര്‍ത്തി എം ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചു.
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന് കോടതിക്ക് മുന്നില്‍ വിശദീകരിക്കപ്പെട്ടു. തുടര്‍ന്ന് ഹൈക്കോടതിയിലെ ജാമ്യാപേക്ഷ എം ശിവശങ്കര്‍ പിന്‍വലിച്ചു. അവധിക്കാലത്തിന് പിരിയുന്നതിന് മുന്‍പ് എം ശിവശങ്കര്‍ നല്കിയ ജാമ്യാപേക്ഷയാണ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഇതാണ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിയത്. നാലര മാസത്തിലധികമായി എം ശിവശങ്കര്‍ കാക്കനാട് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.






