റിയാദ്: സൗദി അറേബ്യയിലെ പുരുഷ മേധാവിത്വത്തിനെതിരെ പ്രതികരിച്ചയാള്‍ക്ക് തടവുശിക്ഷ. ദമാമിലെ ഒരു കോടതിയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. 30,000 റിയാല്‍ പിഴ അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. മുസ്ലീം രാജ്യങ്ങളിലെ പുരുഷ മേധാവിത്വം അവസാനിപ്പിക്കണമെന്ന് ട്വിറ്ററിലൂടെയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഇതേ ആവശ്യം ഉന്നയിച്ച് നഗരത്തില്‍ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.
അല്‍ ഹസ ജില്ലയിലെ ഒരു മോസ്കിന് പുറത്ത് പോസ്റ്റര്‍ പതിക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. നിരവധി മോസ്കുകള്‍ക്ക് പുറത്ത് പോസ്റ്റര്‍ പതിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഓണ്‍ലൈന്‍ ക്യാംപെയ്ന് നടത്തുന്നതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പ്രചരണത്തിന് പിന്നില്‍ താന്‍ ഒറ്റയ്ക്കാണെന്ന് ഇയാള്‍ പറഞ്ഞു. പുരുഷ മേധാവിത്വത്തിന്റെ ഫലമായി തന്റെ ബന്ധുക്കളായ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതം കണ്ടാണ് ഈ പ്രചരണം ഏറ്റെടുത്തതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യ അടക്കമുള്ള ഇസ്ലാം രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് പഠിക്കുന്നതിനും യാത്ര ചെയ്യുന്നതിനും മറ്റ് എന്ത് കാര്യങ്ങള്‍ക്കും വീട്ടിലെ പുരുഷ അംഗത്തിന്റെ അനുവാദം ആവശ്യമാണ്.






