
കുവൈത്ത്സിറ്റി: ഗള്‍ഫ് രാജ്യങ്ങളിലെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കുവൈത്തിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അല്‍-അബ്ദുള്ള അല്‍-സബാഹിനെ സന്ദര്‍ശിച്ച ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ചായിരുന്നു നേതാക്കളുടെ പ്രധാന ചര്‍ച്ച . കൂടാതെ, പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇരുപക്ഷവും പരസ്പരം പങ്കുവെച്ചു.വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ്, പ്രധാനമന്ത്രിയുടെ ദിവാന് ആക്ടിംഗ് ചീഫ് ഷെയ്ഖ് ഖാലിദ് മുഹമ്മദ് അല്‍ സബാഹ്, ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ മിഷല്‍ അല്‍ ഷമാലി, ഏഷ്യന്‍ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി നവാഫ് അല്‍ അഹമ്മദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചെവ്വാഴ്ചയാണ് ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര് കുവൈത്തിലെത്തിയത്.രാവിലെ മന്ത്രി കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.






