
ഇന്ത്യയുടെ ഓരോ സംസ്ഥാനത്തിലും വ്യത്യസ്തതരം ആഘോഷങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ഈ ആഘോഷങ്ങള്‍ എല്ലാം തന്നെ പല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ അരുണാചല്‍ പ്രദേശില്‍ നടന്ന ഒരു ഉത്സവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.കാരണം സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ഒരു ആഘോഷമാണ് ഇത്. ഇവിടെ പുരുഷന്മാര്ക്ക് പ്രവേശനമില്ല എന്ന വസ്തുതയാണ് ആഘോഷത്തെ വ്യത്യസ്തമാക്കുന്നത്. അരുണാചല്‍ പ്രദേശിലെ ലോംഗ്ഡിംഗിലുള്ള വാഞ്ചോ ട്രൈബിന്റേതാണ് ഈ ആഘോഷം. അതുപോലെ നോക്റ്റെ ഗോത്രവും ഈ ആഘോഷം സംഘടിപ്പിക്കാറുണ്ട്.
താഹ് തവന് എന്ന് അറിയപ്പെടുന്ന ഈ ഉത്സവം എല്ലാ വര്‍ഷവും ഏപ്രിലിലാണ് നടക്കുന്നത്. താഹ് എന്ന വാക്കിന്റെ അര്‍ത്ഥം നെല്ല് എന്നാണ്. താ എന്നാല്‍ ആത്മാവ് എന്നും വന്‍ എന്നാല്‍ വരുന്നു എന്നുമാണ് അര്‍ത്ഥമാക്കുന്നത്. നേരത്തെ, ഗ്രാമത്തില്‍ നിന്നുമുള്ള സ്ത്രീകള്‍, വിവിധ ആചാരങ്ങള്‍ നടത്തിയ ശേഷം, അവരുടെ വയലില്‍ നിന്ന് ഒരു തൈ തിരികെ കൊണ്ടുവരും. പിന്നീട് അത് തങ്ങളുടെ വീട്ടില്‍ കെട്ടിയിടും. അത് ഫലഭൂയിഷ്ഠതയും ഐശ്വര്യവും കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ മൃഗങ്ങളുമായും മറ്റും മാത്രം ചേര്‍ന്നു നിന്നിരുന്ന ഈ ആഘോഷം ഇന്ന് മുഴുവന്‍ സ്ത്രീകളും പങ്ക് ചേരുന്ന ഉത്സവമായി മാറിക്കഴിഞ്ഞു. ഒപ്പം സസ്യങ്ങളും മൃഗങ്ങളും ഒക്കെ നിറഞ്ഞു നില്ക്കുന്ന ഫലഭൂയിഷ്ഠമായ വര്‍ഷത്തെയും പ്രതീക്ഷിച്ചു കൊണ്ടാണ് ഈ ഉത്സവം നടക്കുന്നത്. ഉത്സവം നടക്കുന്ന ദിവസം സ്ത്രീകളും പെണ്‍കുട്ടികളും പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു കൊണ്ട് തങ്ങളുടെ വയലിലേക്ക് പോകുന്നു. പിന്നീട്, തങ്ങള്‍ സാധാരണയായി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍, പന്നി, മീന്‍ ഇവയെല്ലാം ഉണ്ടാക്കുന്നു. ഫാമില്‍ നിന്നുള്ള എലികളെയും അവര്‍ പാകം ചെയ്യും എന്നാണ് പറയുന്നത്. ഒറ്റപ്പുരുഷനും അങ്ങോട്ട് കടക്കാനോ ആ ഉത്സവത്തില്‍ പങ്ക് ചേരാനോ, ഭക്ഷണത്തില്‍ സ്പര്‍ശിക്കാനോ അനുവാദമില്ല.
ശേഷം സ്ത്രീകളെല്ലാം ചേര്‍ന്ന് ഈ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച ശേഷം ആ വര്‍ഷത്തിനുള്ളില്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കായി പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും നടത്തുന്നു. പിന്നീട്, ആ പെണ്‍കുട്ടികളുടെ അരയില്‍ വെള്ളത്തുണി ഉടുപ്പിക്കുന്നു. അവര്‍ വിവാഹത്തിന് യോഗ്യരാണ് എന്നാണ് അത് വെളിവാക്കുന്നത്. നേരത്തെ പ്രാര്‍ത്ഥനകളില്‍ കരുത്തരായ ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു. എന്നാല്‍, ഇന്നത് കയ്യില്‍ പേനയും പേപ്പറും പിടിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയായി മാറിയിട്ടുണ്ട്. കൃത്യമായ വിദ്യാഭ്യാസമാണ് അതിലൂടെ അര്‍ത്ഥമാക്കുന്നത്. കൃഷിക്ക് വളരെ അധികം പ്രാധാന്യമുള്ള ഇവിടെ ഈ ഉത്സവവും ആഘോഷവും എല്ലാം കൃഷിയുമായി ബന്ധപ്പെടുത്തിക്കൂടിയാണ് നടക്കുന്നത്.






