
അസാധാരണമായി ഉണ്ടാകുന്ന പല സംഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വീടിന്റെ ടെറസില്‍ വിശ്രമിക്കുകയായിരുന്നു സ്ത്രീയുടെ ദേഹത്ത് ആകാശത്തുനിന്ന് കറുത്ത കല്ല് പതിച്ചു. ജൂലൈ 6-ന് ഫ്രാന്‍സില്‍ ആണ് ഈ വിചിത്രമായ സംഭവം. സുഹൃത്തിനോടൊപ്പം ടെറസിലിരുന്ന് കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സ്ത്രീയുടെ ദേഹത്തേക്ക് കറുത്ത കല്ല് വീണത്.
സംഭവത്തെക്കുറിച്ച് സ്ത്രീ പറയുന്നത് ഇങ്ങനെയാണ്, സുഹൃത്തിനോടൊപ്പം ടെറസില്‍ ഇരുന്ന് കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണത്രേ അന്തരീക്ഷത്തില്‍നിന്ന് ഉഗ്രമായ സ്ഫോടന ശബ്ദം കേട്ടത്. എന്താണ് സംഭവിക്കുന്നത് എന്ന് തങ്ങള്‍ക്ക് മനസ്സിലായില്ലെന്നും എവിടെ നിന്നാണ് ശബ്ദം കേള്‍ക്കുന്നത് എന്ന് മനസ്സിലാകാതെ അമ്പരന്നു പോയെന്നുമാണ് അവര്‍ പറയുന്നത്. പെട്ടെന്ന് തന്നെ ശരീരത്തിലേക്ക് എന്തോ വന്ന് പതിച്ചെന്നും ശരീരത്തിന് കഠിനമായ വേദന അനുഭവപ്പെട്ടു എന്നുമാണ് സ്ത്രീ വ്യക്തമാക്കിയത്.
ആദ്യം ദേഹത്ത് എന്താണ് പതിച്ചെന്ന് സ്ത്രീക്ക് മനസ്സിലായിരുന്നില്ല. തുടര്‍ന്ന് ചുറ്റുപാടും പരിശോധിച്ചപ്പോഴാണ് കറുത്ത നിറമുള്ള ഉള്ള ഒരു കല്ല് തങ്ങള്‍ നിന്നതിനു സമീപത്തായി കിടക്കുന്നത് കണ്ടതെന്നും ഇവര്‍ പറയുന്നു. കല്ല് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ്, അത് ഒരു സാധാരണ കല്ലോ കോണ്‍ക്രീറ്റ് കട്ടയോ അല്ല എന്ന് മനസ്സിലായതെന്നും അവര്‍ ന്യൂസ് വീക്കിനോട് പറഞ്ഞു. ഒരു ഉല്ക്കാശിലയോട് സാമ്യമുള്ള കട്ടിയുള്ളതും തിളങ്ങുന്നതുമായ ഒരു പാറയാണ് അതെന്നാണ് സ്ത്രീയുടെ വാദം. ഉല്ക്കാശിലയായിരിക്കുമെന്ന ഊഹാപോഹങ്ങള്‍ വര്‍ദ്ധിച്ചതോടെ, അതിന്റെ ഉത്ഭവം പരിശോധിക്കാന്‍ താന്‍ ഒരു ജിയോളജിസ്റ്റിന്റെ സഹായം തേടിയതായും അവര്‍ പറയുന്നു.
ഒടുവില്‍ കല്ല് പരിശോധിക്കാന്‍ എത്തിയ ഭൗമ ശാസ്ത്രജ്ഞനായ തിയറി റെബ്മാന്‍ നിഗൂഢമായ പാറ യഥാര്‍ത്ഥത്തില്‍ ഒരു ഉല്ക്കാശിലയാണെന്നും ഒരു സാധാരണ കറുത്ത കല്ലല്ലെന്നും സ്ഥിരീകരിച്ചു. ബഹിരാകാശത്തിന്റെ ആഴത്തില്‍ നിന്ന് ഭൂമിയുമായി നേരിട്ട് കൂട്ടിയിടിച്ചതിനാല്‍ ഈ പ്രത്യേക ഉല്‍ക്കാശില സവിശേഷമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.






