
തൊടുപുഴ: ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ നിരത്തുകളിലും പ്രധാന ജംഗ്ഷനുകളിലും സ്ഥാപിച്ചിരിക്കുന്ന ക്യാമറകളുടെ കണ്ണു വെട്ടിക്കാനായി നമ്പര്‍ പ്ലേറ്റുകള്‍ മറച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്.
ഒറ്റനോട്ടത്തില്‍ നമ്പര്‍ പ്ലേറ്റുകളുണ്ടെങ്കിലും അത് കാണാന്‍ സാധിക്കാത്ത വിധത്തില്‍ പത്ത് ശതമാനത്തോളം വാഹനങ്ങള്‍ നിരത്തുകളില്‍ കറങ്ങുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ന്യൂജന്‍ ബൈക്കുകളും മറ്റുമാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നതില്‍ കൂടുതലും.
മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ നിരീക്ഷണത്തില്‍ ജില്ലയില്‍ 50 ന് മുകളില്‍ കേസുകളാണ് ഇത്തരത്തില്‍ ഇതുവരെ എ.ഐ കാമറയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ പത്തോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരേ പിഴ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്സമെന്റ് ആര്.ടി.ഒ പി. എ.നസീര്‍ പറഞ്ഞു. ഇത്തരം നിയമ ലംഘനം നടത്തുന്നവരെ പിടികൂടാന്‍ സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
െബെക്കുകള്‍ മുതല്‍ ട്രക്കുകള്‍ വരെ
കാറുകള്‍, ബൈക്കുകള്‍ തുടങ്ങി ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ഇത്തരത്തില്‍ ക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ കൃത്രിമം കാട്ടുന്നത്. വാഹന പരിശോധനയിലും മറ്റും മുന്‍ ഭാഗത്തെ നമ്പര്‍ പ്ലേറ്റിനേക്കാള്‍ പിന്നിലെ നമ്പര്‍ പ്ലേറ്റാണ് അധികൃതര്‍ കൂടുതലായി ശ്രദ്ധിക്കുന്നത്. അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെയും പിന്നിലെ ചിത്രമാണ് പ്രധാനമായും കാമറയില്‍ പതിയുക. ഇത് ഒഴിവാക്കുന്നതിനും മറ്റുമാണ് നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുന്നത്.
ക്യാമറക്ക് മുന്നിലെത്തുമ്പോള്‍ െകെകള്‍ കൊണ്ട് മറയ്ക്കുക, പിന്നിലെ നമ്പര്‍ പ്ലേറ്റില്‍ സ്റ്റിക്കറൊട്ടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് കൂടുതലും ശ്രദ്ധയില്‍പ്പെട്ടത്. വാഹനത്തിന്റെ നിറം, മോഡല്‍ എന്നിവ നോക്കി വാഹനം കസ്റ്റഡിയിലെടുക്കും.
ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
കുറ്റകൃത്യങ്ങള്‍ സ്ഥിരീകരിച്ചാല്‍ നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്യും. ക്യാമറയിലെ തെളിവു സഹിതം നിയമലംഘനം അവരെ ബോധ്യപ്പെടുത്തിയാകും നടപടിയെടുക്കുക. നിയമലംഘനം കണ്ടെത്തിയവരെ 24 മുതല്‍ വിളിച്ച് വരുത്തുമെന്നും ആര്.ടി.ഒ പറഞ്ഞു.
കഴിഞ്ഞ ദിവസം സമീപജില്ലയില്‍ എ.ഐ കാമറയില്‍ നിന്ന് രക്ഷപ്പെടാന്‍ മാസ്ക് ഉപയോഗിച്ച് മുന്നിലെയും പിന്നിലെയും രജിസ്ട്രേഷന് നമ്പര്‍ മറച്ച ഇരുചക്ര വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയിരുന്നു. െലെറ്റുകള്ക്ക് സംരക്ഷണമൊരുക്കുന്ന ഗ്രില്ലുകളും പിന്നിലെ ബുള്‍ബാറുകളും മറ്റും ഉപയോഗിച്ചാണ് നമ്പര്‍ പ്ലേറ്റിന്റെ പ്രധാന ഭാഗങ്ങള്‍ മറയ്ക്കുന്നത്.
കാമറയില്‍ പതിഞ്ഞിരുന്നെങ്കില്‍ 500 രൂപ പിഴയൊടുക്കിയാല്‍ മതിയായിരുന്നു. എന്നാല്‍ നമ്പര്‍പ്ലേറ്റ് മറച്ചുവച്ചതു മൂലം ഇത് ഗുരുതര നിയമ ലംഘനമായി കണക്കാക്കും. ഇതിനു പുറമെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളടക്കമുള്ളവരുടെ ഡ്രൈവിങ് വര്‍ധിച്ചു വരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.






