
ന്യൂഡല്ഹി: ക്രിസ്റ്റഫര് നോളന് ചിത്രം 'ഓപണ്ഹൈമറി'ലെ വിവാദ സെക്സ് രംഗത്തില് ഇടപെടലുമായി കേന്ദ്ര സര്ക്കാര്. ലൈംഗികബന്ധത്തിനിടെ ഗീത വായിക്കുന്ന രംഗം നീക്കം ചെയ്യാന് വാര്ത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര് ഉത്തരവിട്ടു. ഇതോടൊപ്പം ചിത്രത്തിന് പ്രദര്ശനാനുമതി നല്കിയ സെന്സര് ബോര്ഡിലെ മുഴുവന് അംഗങ്ങള്ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനും നിര്ദ്ദേശമുണ്ട്.
ആരാധകര് ഏറെ പ്രതിക്ഷയോടെ കാത്തിരുന്ന ഓപ്പന്ഹൈമറിന് ഹോളിവുഡില് എന്നപോലെ ഇന്ത്യയലും മികച്ച സ്വീകരണമാണ് ലഭിച്ചത്. തിയറ്ററില് വന് തരംഗം സൃഷ്ടിച്ചാണ് ചിത്രം മുന്നേറുന്നത്. ആദ്യ രണ്ടു ദിനങ്ങള് കൊണ്ട് 31 കോടിയുടെ വരുമാനമാണ് ചിത്രം ഇന്ത്യയില്നിന്ന് മാത്രം നേടിയത്.അതിനിടെ ചിത്രം ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം ഉയര്ന്നിരുന്നു. ചിത്രത്തിലെ ഓപ്പന്ഹൈമറെ അവതരിപ്പിക്കുന്ന സിലിയന് മര്ഫിയും കാമുകിയായ ജീന് ടാറ്റ്ലോക്കിനെ അവതരിപ്പിക്കുന്ന ഫ്ലോറന്സ് പഗും. തമ്മിലുള്ള രംഗമാണിത്. ലൈംഗിക ബന്ധത്തിനിടെ കഥാപാത്രങ്ങള് ഭഗവദ്ഗീതയിലെ രണ്ടു വരികള് വായിക്കുന്നതാണ് വിവാദത്തിലേക്ക് നയിച്ചത്.
ചിത്രം വളരെ വേഗത്തില് ജനശ്രദ്ധ പിടിച്ചുപറ്റിയതോടെ സോഷ്യല് മീഡിയയില് കാമ്പയിനുകള് ആരംഭിച്ചു. ഓപ്പന്ഹൈമര് നിരോധിക്കണമെന്നും ഇന്ത്യയിലെ സെന്സര് ബോര്ഡ് ഇടപെടണമെന്നും വിമര്ശകര് ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെ ചിത്രത്തിലെ വിവാദ രംഗത്തില് മാറ്റം വരുത്തിയെന്നാണ് റിപ്പോര്ട്ടുകള്. നഗ്നയായ ജീന് ടാറ്റ്ലോക്കിന്റെ കഥാപാത്രത്തെ എഡിറ്റിങ്ങിലൂടെ കറുത്ത വസ്ത്രം ധരിപ്പിച്ചിരിക്കുകയാണ്. സെന്സര് ബോര്ഡിന്റെ ഇടപെട്ടതിന് ശേഷം രംഗം എഡിറ്റ് ചെയ്തുവെന്നാണ് സോഷ്യല് മീഡിയയിലെ സംസാരം. എന്നാല് ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ആണവായുധത്തിന്റെ പിതാവ് എന്ന പേരില് അറിയപ്പെടുന്ന ജെ റോബര്ട്ട് ഓപ്പന്ഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൈ ബേര്ഡ്, മാര്ട്ടിന് ജെ ഷെര്വിന് എന്നിവര് രചിച്ച 'അമേരിക്കന് പ്രോമിത്യൂസ്: ദ ട്രൈംഫ് ആന്ഡ് ട്രാജഡി ഓഫ് ജെ റോബര്ട്ട് ഓപ്പന്ഹൈമര്' എന്ന 2005-ല് പുറത്തിറങ്ങിയ ജീവചരിത്രത്തെ ആധാരമാക്കിയാണ് നോളന് തിരക്കഥ ഒരുക്കിയത്. റോബര്ട്ട് ഡൗണി ജൂനിയര്, എമിലി ബ്ലണ്ട്, മാറ്റ് ഡാമന്, ഫ്ലോറന്സ് പഗ്ഗ്, ജോഷ് ഹാര്ട്ട്നെറ്റ്, കേസി അഫ്ലെക്, റാമി മാലിക്ക്, കെന്നത്ത് ബ്രനാഗ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.







Comments