
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്സ് പ്രത്യയ ശാസ്ത്രം ജീവിതത്തില്‍ സ്വീകരിച്ചയാളായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. വിദ്യാര്‍ത്ഥി യുവജന നേതൃത്വത്തിലിരുന്ന കാലം സുവര്‍ണ കാലമായിരുന്നു. കേരളത്തിലെ ഏത് മുക്കിലും മൂലയിലും ഓടി എത്തുന്ന ആളായിരുന്നു അദ്ദേഹമെന്നും ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ കെ സുധാകരന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല. 24 മണിക്കൂര്‍ തുറന്നിട്ട വാതിലായിരുന്നു അദ്ദേഹം. തരംതാണ രീതിയില്‍ വേട്ടയാടിയവരെ പോലും വാക്ക് കൊണ്ട് വേദനിപ്പിക്കാത്ത ആളാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ചാണ്ടിയാവുക എന്നതാകണം എല്ലാ രാഷ്ട്രീയക്കാരുടെയും ലക്ഷ്യം. ഉമ്മന്‍ചാണ്ടിയുടെ സ്മരണ നിലനിര്‍ത്താന്‍ കെപിസിസി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും കാരുണ്യത്തിന്റെ ഉടയോനാണ് ഉമ്മന്‍ ചാണ്ടിയൈന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകനാണ് ഉമ്മന്‍ചാണ്ടിയെന്ന് പറഞ്ഞു. ചെറുപ്പകാലം മുതല്‍ കോണ്‍ഗ്രസിന്റെ അതിപ്രധാനിയായി ഉമ്മന്‍ചാണ്ടിയ്ക്ക് മാറാന്‍ സാധിച്ചു. 1970 ലെ നിയമസഭയില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ റെക്കോര്‍ഡ് ഉമ്മന്‍ ചാണ്ടിക്കാണ്. അദ്ദേഹം 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു. ഒന്നിച്ചാണ് ഞങ്ങള്‍ സഭയില്‍ എത്തിയത്. വിവിധ വകുപ്പുകള്‍ ഉമ്മന്‍ചാണ്ടി നല്ല രീതിയില്‍ കൈകാര്യം ചെയ്തു. മികച്ച ഭരണാധികാരി എന്ന് തെളിയിച്ചു. എല്ലാ രീതിയിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അങ്ങേയറ്റം പ്രാധാന്യം നല്കി.
യുഡിഎഫ് മുന്നണിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മന്‍ചാണ്ടി മാറി. ഇതിനെല്ലാം പ്രത്യേക നേതൃവൈഭവം ഉണ്ടായിരുന്നു. രോഗത്തിന് മുന്നില്‍ ഒരു ഘട്ടത്തിലും തളരാതെ നിന്നു. രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും രോഗത്തിന് മുന്നില്‍ തളര്‍ന്നില്ല. തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നടപ്പാക്കണം എന്ന വാശി ആയിരുന്നു ഉമ്മന്‍ചാണ്ടിക്കെന്നും പിണറായി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉമ്മന്‍ചാണ്ടിയുടെ വിയോഗം കനത്ത നഷ്ടമാണ്. അതി കഠിനമായ രോഗാവസ്ഥയില്‍ പോലും കേരളത്തില്‍ ഓടിയെത്തുന്ന ഉമ്മന്‍ചാണ്ടിയെയാണ് കാണാന്‍ കഴിഞ്ഞത്. അതായിരുന്നു ഉമ്മന്‍ചാണ്ടി. ഇത് യുഡിഎഫിന് ഉടനൊന്നും നികത്താന്‍ കഴിയാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.






