
നെടുങ്കണ്ടം: കാലങ്ങളായി ഉടുമ്പന്‍ചോല താലൂക്കില്‍ ഒരേ വളപ്പില്‍ സ്ഥിതിചെയ്തിരുന്ന കല്‍കൂന്തല്‍, പാറത്തോട് വില്ലേജുകള്‍ രണ്ട് സ്ഥലത്തേക്ക് മാറിയപ്പോള്‍ വീണ്ടും കൗതുകമായി. ഉടുമ്പന്‍ചോല, ചതുരംഗപ്പാറ വില്ലേജ് ഓഫീസുകളാണ് ഒരേ വളപ്പില്‍ തൊട്ടടുത്തായി പുതിയ കെട്ടിടത്തിലായത്.
ഒരു സ്ഥലത്ത് തന്നെ രണ്ട് വില്ലേജ് ഓഫീസുകള്‍ ഉള്ള താലൂക്ക് എന്ന ക്രെഡിറ്റ് ഉടുമ്പന്‍ചോല താലൂക്ക് നിലനിര്‍ത്തി. കാലങ്ങളായി നെടുങ്കണ്ടത്ത് സ്ഥിതി ചെയ്ത കല്‍കൂന്തല്‍, പാറത്തോട് ഓഫീസുകള്‍ കാലപ്പഴക്കം മൂലം പുതിയതായി കെട്ടിടം നിര്‍മിച്ചപ്പോള്‍ രണ്ട് സ്ഥലത്തേക്ക് പറിച്ചുനടുകയായിരുന്നു.
ചതുരംഗപാറ വില്ലേജ് പരിധിയിലെ ആളുകളുടെ ഏറെ നാളത്തെ ദുരിതപൂര്‍ണമായ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. ദുര്‍ഘടമായ പാത താണ്ടി ഇനി വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസിലേക്ക് ഇവര്‍ക്ക് പോകേണ്ട ആവശ്യമില്ല. ഉടുമ്പന്‍ചോലയില്‍ ഇനി മുതല്‍ ഒരേ വളപ്പില്‍ ഉടുമ്പന്‍ചോല, ചതുരംഗപ്പാറ വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കും. വനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ആയതുകൊണ്ട് െവെദ്യുതി, ഇന്റര്‍നെറ്റ്, മൊെബെല്‍ സേവനങ്ങളുടെ ലഭ്യത വളരെ പരിമിതമായിരുന്നു.
ഈ ദുരവസ്ഥ മരുന്നതിനാണ് ഉടുമ്പന്‍ചോലയിലേക്ക് മാറ്റി ഓഫീസ് പണിതത്. 1956 ലാണ് ചതുരംഗപാറ വില്ലേജ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. 1984 ല്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഓഫീസ് ഇതുവരെ പ്രവര്‍ത്തിച്ചുപോന്നിരുന്നത്. തമിഴ്നാട് അതിര്‍ത്തിയായ മാന്‍കുത്തിമേട് മുതല്‍ സേനാപതി വരെ നീണ്ടുകിടക്കുന്ന പ്രദേശമാണ് ചതുരംഗപ്പാറ വില്ലേജ് പരിധിയില്‍ വരുന്നത്.
വില്ലേജ് ഓഫീസിന്റെ സമീപപ്രദേശങ്ങളില്‍ ജനസാന്ദ്രത കുറവായത് കൊണ്ട് മറ്റു പ്രദേശങ്ങളില്‍നിന്നാണ് കൂടുതല്‍ ആളുകളും ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്നത്. വില്ലേജ് ഓഫീസിലെത്താന്‍ ഉടുമ്പന്‍ചോലയില്‍ എത്തി ഭീമമായ തുക വണ്ടിക്കൂലി നല്‍കണം.
പോരാത്തതിന് കാട്ടാന ശല്യം വേറെയും. കൂടാതെ ഫോട്ടോസ്റ്റാറ്റ്, പ്രിന്റ് മുതലായവ ലഭിക്കണമെങ്കില്‍ ഉടുമ്പന്‍ചോലയിലേക്ക് തിരിച്ചെത്തണം. കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഓഫീസ് ആയതുകൊണ്ട് തന്നെ മോഷണശ്രമങ്ങളും മുന്‍കാലത്ത് നടന്നിരുന്നു. പുതിയ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആകുന്നതോടെ അസൗകര്യങ്ങളെല്ലാം മറികടന്ന് ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാവും.
സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ പൊതുജനങ്ങള്‍ക്കുള്ള ഇരിപ്പിടം, ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമമുറി, ശൗചാലയം, ഓഫീസ് ക്യാബിന്, ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള മുറി, സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍, സെര്‍വര്‍ റൂം, റെക്കോര്‍ഡ് റൂം, അംഗപരിമിതര്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇനി കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതമായി വില്ലേജ് ഓഫീസ് സേവനങ്ങള്‍ ലഭ്യമാകുമെന്നതില്‍ ഏറെ സന്തോഷത്തിലാണ് പ്രദേശവാസികള്‍.






