
കോയമ്പത്തൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് വനവതി ശ്രീനിവാസനോട് 1728 വോട്ടുകള്‍ക്ക് തോറ്റ കമല്ഹാസന് 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും കോയമ്പത്തൂരില്‍ മത്സരിച്ചേക്കാന്‍ സാധ്യതയെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് തയ്യാറെടുപ്പിന്റെ ഭാഗമായി മക്കള്‍ നീതി മയ്യം ഞായറാഴ്ച 'മക്കളോട് മയ്യം' എന്ന പേരില്‍ ജനങ്ങളുമായി സംവദിക്കുന്ന പരിപാടിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
കമല്ഹാസന് വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് അക്കാര്യം തീരുമാനിക്കാന്‍ ഇനിയും സമയമുണ്ട്. അദ്ദേഹം കോയമ്പത്തൂരില്‍ നിന്നു തന്നെ മത്സരിക്കണമെന്ന് ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ സീനിയര്‍ നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാകും ഇക്കാര്യം തീരുമാനിക്കുക എന്നുമാണ് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കവേലു പറഞ്ഞത്.
കഴിഞ്ഞ ഏപ്രിലില്‍ പാര്‍ട്ടിയുടെ കോയമ്പത്തൂരില്‍ നടന്ന പരിപാടിയിലും 2024 തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നിരുന്നു. അന്നും കമല്‍ഹാസനോട് മാധ്യമങ്ങള്‍ ലോക്സഭയിലേക്ക്മത്സരിക്കുന്ന കാര്യം ചോദിച്ചിരുന്നു. അത് നല്ല ആശയമാണെന്നാണ് കമല്‍ നല്കിയ മറുപടി. എന്നാല്‍ അതിന് ശേഷം കോയമ്പത്തൂര്‍ സീറ്റില്‍ എംഎന്‍എം കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്.
കമല്ഹാസന് 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് ജനങ്ങളെ നേരില്‍കണ്ടുള്ള പ്രചരണ പരിപാടി പാര്‍ട്ടി ആരംഭിച്ചിരിക്കുന്നതും. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശമെന്നും തങ്കവേലു പറഞ്ഞു. കമല്ഹാസന് മത്സരിച്ച മണ്ഡലമായതുകൊണ്ടല്ല ഇവിടെ പ്രതിഷേധം തുടങ്ങിയതെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഉറ്റുനോക്കിയിരുന്ന മണ്ഡലമായതുകൊണ്ടാണെന്നുമാണ് പ്രതിഷേധം ഏകോപിപ്പിച്ച മക്കളോട് മയ്യം പരിപാടിയുടെ നേതൃത്വം പറഞ്ഞത്.
ജയിച്ചുപോയ ജനപ്രതിനിധികള്‍ വാഗ്ദാനം നല്കി നടപ്പാക്കാത്തതായ ഒരു പ്രദേശത്ത് നേരിടുന്ന പ്രശ്നങ്ങളും ഇല്ലായ്മകളും ജനങ്ങളില്‍ നിന്നും നേരിട്ട് സ്വീകരിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്യുന്നതാണ് പാര്‍ട്ടിയുടെ പുതിയ പ്രചരണം. അവ പിന്നീട് എംഎന്‍എമ്മിന്റെ തെരഞ്ഞെടുപ്പ് പത്രികയില്‍ കാണിച്ച് പുതിയൊരു നയപരിപാടി കൊണ്ടുവരികയാണ് തന്ത്രം.
ആളുകളെ വീടുവീടാന്തരം സന്ദര്‍ശിച്ച് അവരുടെ ആവലാതികളും ആവശ്യങ്ങളും അറിയാനും വാഗ്ദാനങ്ങള്‍ നല്‍കാനുമാണ് ഉദ്ദേശം. നേരത്തെ കോയമ്പത്തൂര്‍ സൗത്ത് നിയോജക മണ്ഡലത്തില്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് വാനതി ശ്രീനിവാസന് എംഎല്‍എയ്ക്ക് എതിരേ അടുത്തിടെ പാര്‍ട്ടി പ്രതിഷേധം നടത്തിയിരുന്നു.






