
മലയാളികളുടെ സ്വീകരണമുറികളിലൂടെ മനസ്സിലേക്ക് ആഴത്തില്‍ പതിഞ്ഞ മുഖമാണ് അവതാരകയായ മീര അനില്‍. കോമഡി സ്റ്റാര്‍സിന്റെ അവതാരകയായിട്ടാണ് മീര പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായത്. പിന്നീട് പല അവാര്‍ഡ് ഷോകളുടെയും അവതാരകയായി മീര കൈയടി നേടി. ആരെയും ബോറടിപ്പിക്കാതെ സ്റ്റേജ് മനോഹരമായി നിയന്ത്രിക്കുന്ന കാര്യത്തില്‍ മീരയുടെ സ്ഥാനം മുന്നിലാണ്. ശ്രുതി മേനോന് കോമഡി സ്റ്റാര്‍സില്‍ അവതാരകയായിരുന്ന സമയത്ത് അതിലെ മത്സരാര്‍ത്ഥികളുടെ വിശേഷങ്ങള്‍ പറയുന്ന പ്രൊഫൈല്‍ പ്രോഗ്രാം ചെയ്തുകൊണ്ടാണ് മീര ഷോയുടെ ഭാഗമായത്. അന്ന് ജഗദീഷ്, കല്പന എന്നിവരെല്ലാം സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്ന കാലമായിരുന്നു. രണ്ടാമത്തെ സീസണ് മുതലാണ് മീര ആങ്കറായി എത്തുന്നത്. പതിമൂന്ന് വര്‍ഷത്തോളം മീര കോമഡി സ്റ്റാര്‍സിന്റെ ഭാഗമായിരുന്നു. കോമഡി സ്റ്റാര്‍സ് അവതാരകയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ നടൻ ജഗദീഷിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് മീരയ്ക്ക്. ഒരു വര്‍ഷം മുമ്പാണ് ജഗദീഷിന്റെ ഭാര്യയും ഫോറന്‍സിക് വിദഗ്ധയുമായിരുന്ന രമ അസുഖം മൂലം മരിച്ചത്. ഇപ്പോഴിതാ താനും ജഗദീഷിന്റെ കുടുംബവുമായുള്ള ബന്ധത്തിന് എത്രത്തോളം ആഴമുണ്ടായിരുന്നു എന്ന് പറയുകയാണ് മീര അനില്‍. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മീര മനസ്സു തുറന്നത്.
‘‘കോമഡി സ്റ്റാര്‍സിന്റെ സംപ്രേഷണം ആഴ്ചയില്‍ ഏഴ് ദിവസവും ഉണ്ടായിരുന്ന സമയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു മാസത്തില്‍ ഇരുപത്തിയഞ്ച് ദിവസം ജഗദീഷേട്ടനെ കാണും. അതുകൊണ്ട് തന്നെ തമാശയായി ഞാൻ പറയുമായിരുന്നു... അച്ഛനെക്കാള്‍ ഞാൻ ഏറ്റവും കൂടുതല്‍ കണ്ടിരിക്കുന്നത് ജഗദീഷേട്ടനെയാണെന്ന്. അദ്ദേഹത്തിന്റെ ഭാര്യ രമചേച്ചിയും ഞങ്ങളുമായി വളരെ അടുപ്പം പുലര്‍ത്തിയ ആളായിരുന്നു.
രമചേച്ചി വളരെ ബിസിയായിട്ടുള്ള ഒരാളായിരുന്നു. പോലീസ് നായ്ക്കള്‍ വരെ രമചേച്ചിയെ സല്യൂട്ട് ചെയ്യുന്നത് ഞാൻ അവരുടെ വീട്ടില്‍ പോയപ്പോള്‍ കണ്ടിട്ടുണ്ട്. ഫോറൻസിക് ആയതുകൊണ്ട് തന്നെ മറ്റുള്ള ആശുപത്രികളില്‍ ചെയ്യാൻ പറ്റാത്ത വളരെ സങ്കീര്‍ണമായ കേസുകള്‍ കൈകാര്യം ചെയ്തിരുന്നത് രമചേച്ചിയായിരുന്നു.
അതുകൊണ്ട് തന്നെ പോലീസ് വണ്ടിവരും വിളിച്ചുകൊണ്ട് വരാൻ. മാത്രമല്ല റാങ്കിങില്‍ ഡിജിപി ലെവലിലോ മറ്റോ ആയിരുന്നു. അതുപോലെ തന്നെ സുരേഷ് ഗോപി ചേട്ടന്റെ മകളുടെ ബോഡി കണ്ടതിനെ കുറിച്ച് രമചേച്ചി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരുപാട് ദിവസം ആ സംഭവത്തിന് ശേഷം രമചേച്ചി ഉറങ്ങിയിരുന്നില്ലത്രേ... കാരണം അവര്‍ക്ക് സുരേഷേട്ടനുമായി അത്രത്തോളം അടുപ്പമുണ്ട്.
ചേട്ടന്റെ മകളെ കൊണ്ടുവന്നപ്പോള്‍ തൊടുണോ വേണ്ടയോ എന്ന സംശയമായിരുന്നു പോലും. അത്രത്തോളം പൂപോലെയായിരുന്നു കുഞ്ഞിന്റെ ബോഡി. അത് ചേച്ചി പറയുന്നത് കേള്‍ക്കുന്നത് നമുക്ക് മൈന്റ് ഡിസ്റ്റബിങാണ്. അത്രയും സ്ട്രോങായിരുന്നു രമചേച്ചി...,
രമചേച്ചിയുടെ അവസാന കാലമായപ്പോഴേക്കും ജഗദീഷ് ചേട്ടന് ചേച്ചിയോടുള്ള അടുപ്പം കൂടി, അത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. കോമഡി സ്റ്റാര്‍സിന്റെ സെറ്റില്‍ കിട്ടുന്ന സ്നാക്സ്, റിമിയൊക്കെ വിദേശ യാത്ര കഴിഞ്ഞ് വരുമ്പോള്‍ കൊണ്ടുവരുന്ന ചോക്ലേറ്റ് ഇവയൊക്കെ ജഗദീഷേട്ടന് കൊടുക്കുമ്ബോള്‍ അതില്‍ നിന്നും ഒന്നെടുത്ത് എനിക്ക് രമയ്ക്ക് കൊടുക്കാനാണെന്ന് പറഞ്ഞ് അദ്ദേഹം സൂക്ഷിച്ച് വെക്കും. ആ ഒരു സമയമായപ്പോള്‍ രണ്ടുപേരും നല്ല അടുപ്പമായിരുന്നു...’’ മീര പറയുന്നു.
മീരയും ഭര്‍ത്താവ് വിഷ്ണുവും ഒപ്പമുള്ള അഭിമുഖത്തിലാണ് മീര കരിയര്‍ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളുമൊക്കെ പങ്കിട്ടത്. ഇപ്പോഴും അവതാരകയായും താരങ്ങളെ അഭിമുഖം ചെയ്തുമൊക്കെ പ്രേക്ഷകരുടെ മനസ്സില്‍ മീരയുണ്ട്. റിയാലിറ്റി ഷോ അവതാരകയായ ശേഷം വിവാദപരമായ ചോദ്യങ്ങള്‍ ചോദിച്ചും പ്രസ്താവനകള്‍ പറഞ്ഞു പലപ്പോഴും മീര ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് ഓരോ സീസണ് വരുമ്പോഴുള്ള പ്രഡിക്ഷൻ ലിസ്റ്റില്‍ മീരയുടെ പേര് എപ്പോഴും ഉണ്ടാകാറുണ്ട്.






