
പ്രേമത്തിന് കണ്ണില്ല മൂക്കില്ല എന്നാണ് പറയാറ്. എന്നുവച്ചാല്‍ ആര്‍ക്കു എപ്പോ വേണമെങ്കിലും ആരോട് വേണമെങ്കിലും തോന്നാവുന്ന വികാരമാണ് പ്രണയം. ഇത് സംബന്ധിക്കുന്ന വ്യത്യസ്തതമായ പല വാര്‍ത്തകളും നാം കേട്ടിട്ടും അറിഞ്ഞിട്ടുമൊക്കെയുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ പ്രണയകഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്നെ കൊള്ളയടിച്ച കള്ളനോട് ഒരു യുവതിക്ക് തോന്നിയ പ്രണയമാണ് ഇപ്പോള്‍ നെറ്റീസണ്‍സിനെ അമ്പരപ്പിച്ചിരിക്കുന്നത്.
ഒരു ബ്രസീലിയന്‍ യുവതിയും അവളെ കൊള്ളയടിച്ച കള്ളനുമാണ് ഈ കഥയിലെ നായികാ നായകന്മാര്. ട്വിറ്ററില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രണയ കഥ വെളിപ്പെടുത്തിയത്.ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഇമ്മാനുവേല എന്ന യുവതി ബ്രസീലിലെ ഒരു തെരുവിലൂടെ നടക്കുന്നതിനിടയിലാണ് ഒരു ചെറുപ്പക്കാരന് അവളെ കൊള്ളയടിയ്ക്കാനുള്ള ശ്രമം നടത്തിയത്. ആ ശ്രമത്തില്‍ അയാള്‍ക്ക് കിട്ടിയത് യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മാത്രമാണ്. എന്നാല്‍, ഫോണ്‍ പരിശോധിച്ചതോടെ യുവാവിന്റെ മനസ്സ് മാറി.
മോഷണത്തിനിടെ മുഖം കണ്ടില്ലെങ്കിലും ഫോണില്‍ പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടത് മുതല്‍ തനിക്ക് അവളോട് അഗാധമായ പ്രണയം തോന്നി. ഫോണ്‍ മോഷ്ടിച്ചതില്‍ തനിക്ക് കുറ്റബോധം തോന്നിയെന്നും അത് തിരിച്ച് പെണ്‍കുട്ടിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചെന്നുമാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയെ വീണ്ടും അന്വേഷിച്ച് കണ്ടെത്തി ഫോണ്‍ തിരികെ ഏല്‍പ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു. അതായിരുന്നു ഇരുവരും തമ്മിലുള്ള രണ്ടാമത്തെ കൂടികാഴ്ച. പെണ്‍കുട്ടിയോട് ക്ഷമ ചോദിച്ച് അയാള്‍ ഫോണ്‍ തിരികെ ഏല്‍പ്പിച്ചു.
അയാളുടെ സത്യസന്ധതയില്‍ തനിക്ക് വിശ്വാസം തോന്നിയതിനാലാണ് ആ സംഭവത്തിന് ശേഷം കള്ളനാണെങ്കിലും താനുമായി സൗഹൃദത്തിലാകാന്‍ സമ്മതിച്ചത് എന്നാണ് ഇമ്മാനുവേല പറയുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം പതുക്കെ പ്രണയത്തിന് വഴിമാറി. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഇരുവരും തമ്മില്‍ പ്രണയത്തിലാണ്. മാത്രമല്ല, ഇന്ന് ഇരുവരുടെയും പ്രണയകഥയും സാമൂഹിക മാധ്യമങ്ങളില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ്. ഏതായാലും വീഡിയോ കണ്ട് നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.






