
പാണ്ടകളെ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. കാരണം കണ്ടാലും ഓമനിക്കാന്‍ തോന്നുന്ന വിധത്തില്‍ ഭംഗിയേറിയ ശരീരമാണ് അവയുടേത്. ഇവയെ സംബന്ധിക്കുന്ന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഇപ്പോഴിതാ സമാനമായ രീതിയില്‍ ഒരു കുഞ്ഞു പാണ്ടയുടെ ഏറെ രസകരമായ ഒരു വീഡിയോ സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ശ്രദ്ധ നേടുകയാണ്. തന്റെ പരിപാലകനായ വ്യക്തിയോട് പാണ്ട തന്നെ കെട്ടിപ്പിടിക്കാന്‍ ആവശ്യപ്പെടുന്ന ഹൃദയസ്പര്‍ശിയായ രംഗമാണ് വീഡിയോയില്‍ ഉള്ളത്. കാണുന്നവരുടെ ഹൃദയത്തില്‍ ഈ ദൃശ്യങ്ങള്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വീഡിയോയുടെ തുടക്കത്തില്‍ മേശ പോലെ തോന്നിക്കുന്ന അല്പം ഉയരം കൂടിയ ഒരു സ്ഥലത്ത് കുഞ്ഞു പാണ്ട കളിക്കുന്നതാണ് കാണുന്നത്. പെട്ടെന്ന് കാല് തെറ്റി പാണ്ട കുഞ്ഞ് നിലത്തേക്ക് വീഴുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പരിപാലകന് ഒരു അമ്മ കുഞ്ഞിനെ എടുക്കാന്‍ ഓടിയെത്തുന്നത് പോലെ വേഗത്തിലെത്തി പാണ്ട കുഞ്ഞിനെ നിലത്ത് നിന്നും എടുക്കുന്നു. തുടര്‍ന്ന് അതിന്റെ തലയും കൈയും കാലും എല്ലാം അവര്‍ അതീവ സ്നേഹത്തോടെ തലോടി കൊടുക്കുന്നു. അപ്പോള്‍ ആ പാണ്ടക്കുഞ്ഞ് തന്റെ പരിപാലകനെ കെട്ടിപ്പിടിച്ച് ശാന്തനായി ഇരിക്കുന്നു. തുടര്‍ന്ന് കെയര്‍ ടേക്കര്‍ പാണ്ടയുടെ കൈ തന്റെ ശരീരത്തില്‍ നിന്നും വിടുവിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വീണ്ടും തന്നെ കെട്ടിപ്പിടിക്കാന്‍ ആവശ്യപ്പെടുന്ന രീതിയില്‍ കെയര്‍ ടേക്കറെ വിടാതെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിലുടനീളം കാണുന്നത്.
സമാനമായ മറ്റൊരു വീഡിയോയില്‍ കുഞ്ഞു പാണ്ടയെ തന്റെ തോളില്‍ കിടത്തി പരിപാലക നടന്ന് പോകുമ്പോള്‍ പുറകില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാള്‍ മുളയുടെ ഇലകള്‍ വീശിക്കാണിക്കുന്നു. ഈ സമയം പാണ്ട തന്റെ കൈ കൊണ്ട് റ്റാറ്റ കൊടുക്കുന്നത് പോലെ ഇളക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ദൃശ്യങ്ങള്‍ കണ്ട പലരും അഭിപ്രായപ്പെട്ടത് പാണ്ടകളുടെ പരിപാലകരാകാന്‍ കൊതി തോന്നുന്നു എന്നാണ്. സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കിയ ഈ വീഡിയോ ഇപ്പോള്‍ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.






