
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം അവിശ്വാസനീക്കം നടത്തുമ്പോള്‍ അടിയന്തിര പ്രമേയത്തിന് മേലുള്ള ചര്‍ച്ചകള്‍ ആഗസ്റ്റ് 8 ന് നടക്കും. പ്രധാനമന്ത്രി ആഗസ്റ്റ് 10 ന് മറുപടി നല്‍കും. തുടര്‍ച്ചയായി ഒമ്പതു ദിവസം പ്രതിപക്ഷം പാര്‍മെന്റില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം.
മണിപ്പൂരിലെ കലാപം ഉയര്‍ത്തി പാര്‍ലമെന്റിലെ ഇരു സഭകളിലും പ്രതിപക്ഷം പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന് ആരംഭിച്ചത് മുതലുള്ള പ്രതിഷേധം തുടരുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരക്ഷരം മിണ്ടിയിട്ടില്ലാത്ത പ്രധാനമന്ത്രിയെ കൊണ്ടു മറുപടി പറയിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
്വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ മറുപടി പറയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ ഗൗരവ് ഗോഗോയിയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. 'ഇന്‍ഡ്യ' സഖ്യം രൂപീകരിച്ച സാഹചര്യത്തില്‍ ഇവരില്‍ നിന്നുള്ള പിന്തുണ നീക്കത്തിന് കിട്ടുകയും ചെയ്യും. അവിശ്വാസ നീക്കത്തിന് സഭകളില്‍ 50 പേരുടെ പിന്തുണ എങ്കിലും വേണമെന്നുള്ളതാണ് പ്രധാനം.
543 അംഗ ലോക്സഭയില്‍ എന്‍ഡിഎയ്ക്ക് 331 അംഗങ്ങളുണ്ട്. പ്രതിപക്ഷമായ 'ഇന്‍ഡ്യ' യ്ക്ക് 144 അംഗങ്ങളാണ് സഭയിലുള്ളത്. മണിപ്പൂര്‍ വിഷയത്തെ ഒതുക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ക്ക് എതിരേയുള്ള യുദ്ധത്തില്‍ തങ്ങള്‍ വിജയിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം.






