ഷാലു മാത്യു/ജി. അരുണ്‍
കോട്ടയം/തിരുവനന്തപുരം: സര്‍ക്കാരും പ്രതിപക്ഷവും വിവാദങ്ങള്‍ക്കു പിന്നാലെയായതോടെ വിലക്കയറ്റമടക്കം ജനകീയവിഷയങ്ങള്‍ വിസ്മൃതിയില്‍. െവെദ്യുതി ബില്ലില്‍ സര്‍ചാര്‍ജ് നടപ്പാക്കിത്തുടങ്ങിയപ്പോഴാണ് ഉമ്മന്‍ ചാണ്ടി അനുസ്മരണവുമായി ബന്ധപ്പെട്ട് െമെക്ക് വിവാദമുയര്‍ന്നത്. അതൊന്ന് തണുത്തപ്പോഴേക്കു സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസംഗം വിവാദമായി.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടുന്നുണ്ടെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും സെപ്ലെകോ വില്‍പ്പനശാലകളില്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ക്കു ക്ഷാമം തുടരുന്നു. അരിക്കും പച്ചക്കറികള്‍ക്കും തീവില. പച്ചക്കറിവില കുതിക്കുന്നതിനൊപ്പം ഹോര്‍ട്ടികോര്‍പ് വില്‍പ്പനശാലകളും കാലിയായി. വിലവര്‍ധന മൂലം സംസ്ഥാനത്തിനു പുറത്തുനിന്നു പച്ചക്കറി എത്തിക്കാന്‍ കഴിയുന്നില്ലെന്നാണു ഹോര്‍ട്ടികോര്‍പ്പിന്റെ വിശദീകരണം.
ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വിദേശകയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണു കേരളത്തില്‍ അരിവില കൂടാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു. ഇങ്ങനെ പോയാല്‍ ഓണമെത്തുമ്പോഴേക്ക് അരിവില റെക്കോഡ് ഭേദിക്കുമെന്നാണു സൂചന. ജയ അരിക്ക് 20 ദിവസം മുമ്പ് മൊത്തവിപണിയില്‍ വില 35 രൂപയായിരുന്നത് നാല്‍പ്പതിലെത്തി. പൊന്നി അരിവില 44-ല്‍നിന്ന് കുതിച്ച് 52 രൂപയിലെത്തി.
പച്ചരിക്കു 15 ദിവസത്തിനകം നാലുരൂപയാണു കൂടിയത്. മട്ടയരിക്കു ചില്ലറവിപണിയില് 56 രൂപ വരെയായി. പരിപ്പ്-170 രൂപ, കടല-130, പഞ്ചസാര-43, ചെറുപയര്‍-130, ഉഴുന്ന്-140 എന്നിങ്ങനെയാണു ശരാശരി വില. പശ്ചിമബംഗാളില്‍നിന്ന് എത്തുന്ന സ്വര്‍ണ, സുരേഖ അരി ഇനങ്ങള്‍ക്ക് ഒരുമാസമായി വില ഉയര്ന്നുനില്ക്കുന്നു.
പതിമൂന്നിനം അവശ്യസാധനങ്ങള്‍ക്ക് എട്ടുമാസമായി വില കൂടിയിട്ടില്ലെന്നു മുഖ്യമ്രന്തി അവകാശപ്പെടുമ്പോഴും സെപ്ലെകോ വില്‍പ്പനശാലകളില്‍ സബ്സിഡി സാധനങ്ങള്‍ കിട്ടാനില്ല. സെപ്ലെകോ സബ്സിഡി നിരക്കില്‍ നല്‍കിയിരുന്ന വറ്റല്മുളകിനു പൊതുവിപണിയില്‍ മൂന്നിരട്ടിയില്‍ ഏറെയാണു വില. സബ്സിഡി ഇനങ്ങളില്‍ ഒന്നോ രണ്ടോ മാത്രമേ സെപ്ലെകോ ശാലകളില്‍ ലഭ്യമല്ലാതുള്ളൂവെന്നാണു ഭക്ഷ്യമന്ത്രി ജി.ആര്. അനിലിന്റെ അവകാശവാദം. എന്നാല്‍, സംസ്ഥാനത്തെ മിക്ക സെപ്ലെകോ ശാലകളിലും 13 ഇനം സബ്സിഡി സാധനങ്ങളില്‍ രണ്ടോ മൂന്നോ ഇനമേ കിട്ടാനുള്ളൂവെന്നതാണു യാഥാര്‍ത്ഥ്യം. സെപ്ലെകോ ആസ്ഥാനമന്ദിരത്തിലുള്ള കൊച്ചിയിലെ വില്പ്പനശാലയില്പോലും ചെറുപയര്‍, വന്‍പയര്‍, കടല, തുവരപ്പരിപ്പ്, പഞ്ചസാര, മുളക്, മല്ലി ഉള്‍പ്പെടെ കിട്ടാനില്ല. തിരുവനന്തപുരത്തു മുളക്, ജയ അരി, തുവരപ്പരിപ്പ്, കടല, വന്‍പയര്‍ എന്നിവയില്ല. കോഴിക്കോട്ടും സ്ഥിതി വ്യത്യസ്തമല്ല.
സര്‍ക്കാര്‍ 3000 കോടി രൂപയുടെ കുടിശികയാണു സെപ്ലെകോയ്ക്ക് നല്‍കാനുള്ളത്. ഇതാണു പ്രതിസന്ധിക്കു പ്രധാനകാരണം. പഞ്ചസാര ഉള്‍പ്പെടെ സബ്സിഡി സാധനങ്ങളില്‍ പലതിനും കരാറുകാര്‍ ആവശ്യപ്പെടുന്നത് ഉയര്‍ന്നനിരക്കാണ്. ഈ നിരക്കില്‍ സാധനങ്ങള്‍ വാങ്ങി സബ്സിഡി നിരക്കില്‍ വില്‍ക്കുന്നതിലൂടെ 40 കോടി രൂപയാണ് അധികബാധ്യതയെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.






