
സൗന്ദര്യ വര്ദ്ധനത്തനത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. സൗന്ദര്യം പോര എന്നു തോന്നിയാല്‍ ആഗ്രഹിക്കുന്ന തരത്തിലേക്ക് മുഖമോ ത്വക്കോ മാറ്റിയെടുക്കാനും ഇന്ന് നിരവധി ചികിത്സകളും നിലനില്‍ക്കുന്നുണ്ട്. ഇവയില്‍ പലതിനും വന്‍ തുക മുടക്കേണ്ടി വരും. ഈയൊരു കാരണംകൊണ്ട് ഇത്തരം ചികിത്സകള്‍ക്കു പിന്നാലെ പോകാത്തവരുമുണ്ട്. മറ്റുചിലരാവട്ടെ കിടപ്പാടം വിറ്റായാലും സൗന്ദര്യം വര്‍ദ്ധിപ്പിച്ചേ അടങ്ങൂ എന്ന പിടിവാശിയിലും. അതിനു ഉദാഹരണമാണ് അമേരിക്കക്കാരിയായ കെല്ലി ബീസ്ലി എന്ന 50കാരി. സൗന്ദര്യ ചികിത്സയ്ക്കായി സ്വന്തം വീട് വിറ്റ് കാശ് കണ്ടെത്തിയിരിക്കുകയാണ് കെല്ലി ബീസ്ലി.
പ്രായം 50 വയസ്സ് ആയപ്പോഴേക്കും മുഖത്തിന് പ്രായം തോന്നിത്തുടങ്ങിയത് സഹിക്കാനാവാതെ വന്നതോടെ എത്രയും പെട്ടെന്ന് പഴയ രൂപം തിരിച്ചു കിട്ടാനുള്ള വഴികള്‍ കെല്ലി തേടിത്തുടങ്ങിയിരുന്നു. 30 വയസ്സാകുംമുമ്പുതന്നെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ചികിത്സകള്‍ കെല്ലി ആരംഭിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നു പോകുംതോറും ഇതെല്ലാം അപര്യാപ്തമായി വന്നു. 48 വയസ്സായപ്പോഴേക്കും യഥാര്‍ഥ പ്രായം തോന്നിപ്പിക്കുന്ന തരത്തിലേക്ക് മുഖം മാറി. ഇത് അവരുടെ ആത്മവിശ്വാസവും മാനസിക നിലയും തകര്‍ത്തു. എന്നാല്‍ രണ്ടാമതൊന്നു ചിന്തിക്കാതെ എന്തു സംഭവിച്ചാലും സൗന്ദര്യം വീണ്ടെടുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു പിന്നീട് മനസില്‍. അതിനായി ഏറ്റവും ചുരുങ്ങിയ ചിലവില്‍ മികച്ച ഫലം നല്കുന്ന ചികിത്സകളും അന്വേഷിച്ചിറങ്ങി. ഒടുവില്‍ 14000 ഡോളറിന് (11 ലക്ഷം രൂപ) ആഗ്രഹിക്കുന്ന തരത്തില്‍ രൂപം മാറാനാവുമെന്ന് കെല്ലി കണ്ടെത്തി. ആ പണത്തിനായി വീട് വില്‍ക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനം അറിഞ്ഞ് മറ്റുള്ളവര്‍ അമ്പരന്നെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ മുഖം കണ്ണാടിയില്‍ കണ്ട നിമിഷം മനസ്സുനിറഞ്ഞ സംതൃപ്തി മാത്രമാണ് തോന്നിയത് എന്നാണ് കെല്ലിയുടെ പ്രതികരണം. തന്റെ ചെറുപ്പം നിലനിനിര്ത്താനായി എത്ര വേദനയും സഹിക്കാന്‍ തയ്യാറായ തനിക്ക് വീട് കൈവിട്ടു പോയത് ഒരു പ്രശ്നമേയല്ല എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ 30 വയസ്സുകാരിയുടെ ലുക്കിലാണ് കെല്ലി. തന്റെ ജീവിതകഥ പുറംലോകം അറിയണമെന്ന നിര്‍ബന്ധവും ഇവര്‍ക്കുണ്ട്. പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നവരെ പരിഹസിക്കുന്ന രീതി സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും തന്റെ ഇച്ഛാശക്തിയും രൂപമാറ്റവും കണ്ട് ചിലരെങ്കിലും ഇത്തരം പരിഹാസങ്ങളില്‍ നിന്നും പിന്തിരിയുമെന്നുമാണ് കെല്ലിയുടെ വിശ്വാസം. 30 വയസ്സുകാരിയുടെ ചുറുചുറുക്കോടെയാണ് ഇപ്പോള്‍ കെല്ലി മുഖത്ത് മേക്കപ്പിടുന്നത്. വീട് നഷ്ടപ്പെട്ടെങ്കിലും താമസിക്കാനായി ഒരു വാനും ഇവര്‍ കണ്ടെത്തി. ഇപ്പോള്‍ മനസ്സിലും മുഖത്തും ചെറുപ്പവുമായി രാജ്യം മുഴുവന്‍ വാനില്‍ ചുറ്റിക്കറങ്ങി നടക്കാനാണ് കെല്ലി ലക്ഷ്യമിടുന്നത്.






