
മെക്സിക്കോ : ക്ഷണിച്ചു കൊണ്ട് ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് വൈറലായ പിറന്നളാഘോഷത്തില് പൊലിഞ്ഞത് ഒരു ജീവന്. റൂബി ഇബാറ ഗ്രേഷ്യ എന്ന 15കാരിയുടെ പിറന്നാളിനു ക്ഷണിച്ചാണ് അച്ഛന് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ചെയ്തത്. ഇതു കണ്ടു ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് ആയിരങ്ങളാണ്. പോസ്റ്റിനു മറുപടിയയച്ചത് പത്തു ലക്ഷത്തിലേറെ പേരാണ്. പിറന്നാള്‍ ഇന്‍വിറ്റേഷന്‍ വീഡിയോ രൂപത്തിലാക്കി റൂബിയുടെ അച്ഛന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അത് വൈറലാകുകയായിരുന്നു.
കുടുംബത്തിലെ പെണ്‍കുട്ടികളുടെ 15ാം പിറന്നാള്‍ നന്നായി ആഘോഷിക്കുന്ന പതിവ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുണ്ട്. അതുകൊണ്ടു തന്നെ ആഘോഷം ഗംഭീരമാക്കാന്‍ മകളുടെ പിറന്നാള്ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിലാണ് കുടുംബം അപ്ലോഡ് ചെയ്തത്. ഈ ക്ഷണക്കത്ത് വൈറലായതോടെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം ആളുകള്‍ റൂബിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തി. അതിഥികളോടൊപ്പം വളരെ സന്തോഷപൂര്‍വം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയിലാണ് ആ ദുരന്തം സംഭവിച്ചത്.
മെക്സിക്കോയിലെ സാന്‍ ലൂയിസ് പൊടോസിയിലെ ഗ്രാമമായ ലാ ജോയയിലേക്ക് ആളുകള്‍ ഒഴുകി. തുടര്‍ന്ന് നടന്ന വിരുന്നിനിടെ കുതിരപ്പന്തയ മത്സരത്തിലാണ് ഒരാള്‍ വീണു മരിച്ചത്. സന്തോഷത്തോടെ അവസാനിക്കേണ്ട ഒരു പിറന്നാള്‍ ദിനം അങ്ങനെ ദുരന്തത്തില്‍ കലാശിച്ചു. കുതിരപ്പന്തയ മത്സരത്തില്‍ പങ്കെടുക്കാന്‍ സ്വന്തം കുതിരയുമായെത്തിയ 66 വയസ്സുകാരനാണ് മത്സരത്തിനിടെ വീണുമരിച്ചതെന്നാണു റിപ്പോര്‍ട്ട്.