
തുടര്‍ച്ചയായി നേരിട്ട രണ്ടു തോല്‍വികള്‍ക്ക് പിന്നാലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയിട്ടും ഇന്ത്യന്‍ നായകന് ഹര്‍ദിക് പാണ്ഡ്യയെ ആരാധകര്‍ വിടുന്ന മട്ടില്ല. വെസ്റ്റിന്‍ഡീസിന് എതിരേയുള്ള ടി20 പരമ്പരയില്‍ ആദ്യ രണ്ടു മത്സരം പരാജയപ്പെട്ട ശേഷം കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ജയിച്ചു കയറിയിരുന്നു. എന്നാല്‍ മത്സരത്തിലെ മറ്റൊരു കാരണമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
മൂന്നാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സ് വെല്ലുവിളി ഇന്ത്യന്‍ ടീം അനായാസം മറികടന്നിരുന്നു. മത്സരത്തിലെ അവസാന പന്ത് സിക്സറിന് പറത്തിയായിരുന്നു ടീം ഇന്ത്യന്‍ നായകന് പാണ്ഡ്യ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ ക്രീസില്‍ ഒപ്പമുണ്ടായിരുന്ന തിലക് വര്‍മ്മയ്ക്ക് ഒരു റണ്‍സ് കൂടി നേടിയാല്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ദ്ധശതകം നേടാമായിരുന്നു എന്ന ഘട്ടത്തിലാണ് നിഷേധിക്കപ്പെട്ടത്.
രണ്ട് ഓവറുകള്‍ക്ക് മേല്‍ ബാക്കി നില്‍ക്കേ പാണ്ഡ്യ സിക്സറിലൂടെ ടീമിനെ ജയിപ്പിച്ചത് തിലകിന്റെ അവസരം ഇല്ലാതാക്കി. റോമന്‍ പവല്‍ എറിഞ്ഞ 18 ാം ഓവറിലെ അഞ്ചാം പന്തായിരുന്നു അത്. മത്സരം അവസാനിക്കാന്‍ 13 പന്തുകള്‍ ബാക്കി നില്‍ക്കേ ആയിരുന്നു ഹര്‍ദ്ദിക്കിന്റെ സിക്സര്‍. മത്സരം ഇന്ത്യ ജയിക്കുമ്പോള്‍ തിലക് വര്‍മ്മയുടെ സ്കോര്‍ 49 റണ്‍സായിരുന്നു. പാണ്ഡ്യ സിക്സര്‍ അടിച്ചതിലൂടെ അന്താരാഷ്ട്ര ടി20 യില്‍ സ്വന്തം പേരില്‍ ഒരു അര്‍ദ്ധശതകം കുറിക്കാനുള്ള അവസരം മുന്നില്‍ നില്‍ക്കേ നായകന് അത് നഷ്ടമാക്കിയെന്നാണ് നെറ്റിസണ്‍മാരുടെ ആക്ഷേപം.
അന്താരാഷ്ട്ര ടി 20 യില്‍ തിലകിന്റെ അരങ്ങേറ്റ പരമ്പര കൂടിയായിരുന്നു. മൂന്ന് മത്സരവും കളിച്ച തിലക് പക്ഷേ രണ്ടാം മത്സരത്തില്‍ അര്‍ദ്ധശതകം കുറിച്ചിരുന്നു. ആദ്യ മത്സരത്തില്‍ 39 ന് പുറത്തായ തിലക് രണ്ടാം മത്സരത്തില്‍ 51 റണ്‍സും നേടിയിരുന്നു. ഹര്‍ദികിന്റെ പ്രവര്‍ത്തിയെ 'സ്വാര്‍ത്ഥത' എന്നാണ് ട്വിറ്ററിലും മറ്റും ആരാധകര്‍ ആക്ഷേപിക്കുന്നത്. ഹര്‍ദിക്കിനെ പോലെ ഒരു 'തന്‍കാര്യം നോക്കി' വേറെയില്ലെന്നായിരുന്നു പലരും കുറിച്ചത്.




