
ഇറ്റലിയില്‍ ഒരു സാൻഡ്വിച്ച് രണ്ട് പകുതിയായി മുറിച്ചു നൽകുന്നതിന് പോലും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇറ്റലിയിലെ ജെറ ലാരിയോയിലെ ലേക്ക് കോമോ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ബാർ പേസ് എന്ന ബാർ കം റെസ്റ്റോറന്റാണ് ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇത്തരത്തിൽ ഒരു വിമർശനം ഇപ്പോൾ നേരിടുന്നത്.
ബില്ലിന്റെ ചിത്രം പ്രകോപിതരായ ഉപഭോക്താക്കളിൽ ഒരാൾ ഓൺലൈനിൽ പങ്കിട്ടതോടെയാണ് സംഭവം വൈറലായത്. ബില്ലിൽ ഒരു സാൻഡ്വിച്ച് രണ്ടായി പകുത്ത് നൽകിയതിന്റെ ചാർജ്ജായി രേഖപ്പെടുത്തിയിരിക്കുന്നത് രണ്ട് യൂറോ ആണ്. അതായത് ഏകദേശം 180 രൂപ. ഡൈവ്സ് ഡാ മെറ്റാ അഥവാ പകുതിയായി മുറിച്ചിരിക്കുന്നത് എന്ന് ലേബൽ ചെയ്താണ് ഇത് ബില്ലിൽ ചേർത്തിരിക്കുന്നത്.
സംഭവം സാമൂഹിക മാധ്യമങ്ങളിലും ട്രിപ്പ് അഡ്വൈസർ പോലുള്ള വിവിധ വൈബ്സൈറ്റുകളിലും ചർച്ചയായതോടെ ബാർപേസിനെതിരെ ഇപ്പോള്‍ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പല നാടുകളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു അനുഭവം കേട്ടുകേൾവി പോലുമില്ലാത്തതാണന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ രൂക്ഷമായതോടെ ബാറിൻെറ ഉടമ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഒരു ഉപഭോക്താവ് തന്നോട് രണ്ട് ഭാഗങ്ങൾ ടോസ്റ്റുണ്ടാക്കാൻ പറഞ്ഞാൽ, തനിക്ക് രണ്ട് സോസറുകളും രണ്ട് നാപ്കിനുകളും രണ്ട് കൈകളും ഉപയോഗിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ഉപഭോക്താവിന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഇത് അന്യായമായി തോന്നാമെങ്കിലും അധിക അഭ്യർത്ഥനകൾക്ക് ചിലവ് ഉണ്ടെന്നത് ആരും മറക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






