
മുംബൈ: തങ്ങള്‍ക്ക് ഈ രാജ്യം സുരക്ഷിതമല്ലെന്നു ഡ്യൂട്ടിക്കിടെ റെയില്‍വേ സുരക്ഷാ സേനയിലെ കോണ്‍സ്റ്റബിള്‍ ട്രെയിന്‍ യാത്രക്കാരെ വെടിവെച്ച് കൊന്ന സംഭവത്തിലെ ഇരയുടെ മകന്. തങ്ങള്‍ രാജ്യം വിടുകയാണെന്നും അതാണ് തങ്ങള്‍ക്ക് നല്ലതെന്നും പറഞ്ഞു.
ജയ്പൂര്‍ മുംബൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ വെച്ച് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ വെടിവെച്ചു കൊലപ്പെടുത്തിയ ഖാദര്‍ ഭന്പൂര്വാലയുടെ മകന് ഹുസൈന് ഭന്പൂര്വാലയുടേതാണ് പ്രതികരണം. തന്റെ കുടുംബം ഇന്ത്യ തങ്ങള്‍ക്ക് സുരക്ഷിതമാണെന്ന് കരുതുന്നില്ലെന്നായിരുന്നു പ്രതികരണം. കൊലപാതകങ്ങള്‍ക്ക് പിന്നിലെ പ്രതിയുടെ താല്‍പ്പര്യത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതില്‍ നിരാശയും പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ കിട്ടിയില്ലെന്നും പറഞ്ഞു.
ജൂലൈ 31 നായിരുന്നു സഞ്ചാരത്തിനിടയില്‍ ട്രെയിനിലെ ബി 5 കോച്ചില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗ് തന്റെ സിനിയര്‍ ഉദ്യോഗസ്ഥന് ടിക്കാറാം മീണയുമായി ഉടക്കിയാണ് വെടിവെച്ചത്. അതിന് ശേഷം യാത്രക്കാരന് സയ്യദ് സെയ്ഫുദ്ദീനെ തോക്കിന് മുനയില്‍ നിര്‍ത്തുകയും പാന്‍ട്രി കാറില്‍ വെച്ച് വെടിവെയ്ക്കുകയും ചെയ്തു. പിന്നീട് എസ്6 കോച്ചിലേക്കും പോയി. അവിടെ അസ്ഗര്‍ അബ്ബാസ് ഷെയ്ഖ് എന്നയാളേയും വെടിവെച്ചു. ഇതെല്ലാം തന്നില്‍ അനേകം ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്ന് ഹുസൈന് പറഞ്ഞു.
സിംഗ് തന്റെ സീനിയര്‍ ഉദ്യോഗസ്ഥരുമായി ഡ്യൂട്ടിയുടെ പേരില്‍ വഴക്കുണ്ടാക്കിയെന്നാണ് മാധ്യമ വാര്‍ത്തകള്‍. എന്നാല്‍ തന്റെ പിതാവിനെയും മറ്റ് രണ്ടു യാത്രക്കാരെയും എന്തിനാണ് ഇയാള്‍ വിവിധ കോച്ചുകളില്‍ ഓടിനടന്ന് വെടിവെച്ചു കൊന്നതെന്നതിന് ഒരു വിശദീകരണവും പോലീസിന് നല്‍കാനാകുന്നില്ല. മാനസീക അസ്വാസ്ഥ്യം ഉള്ളയാളായിരുന്നു സിംഗ് എങ്കില്‍ അയാള്‍ താടിയുള്ള യാത്രക്കാരെ മാത്രം അയാള്‍ ലക്ഷ്യം വെച്ചത് എന്തിനാണെന്നും ഹുസൈന് ചോദിക്കുന്നു.
ബോറിവാലിയില്‍ വെച്ച് നാലു തവണയോളം അന്വേഷണ ഉദ്യോഗസ്ഥരെ ഹുസൈന് കണ്ടിരുന്നു. എന്നാല്‍ കാരണത്തില്‍ അവര്‍ ഒരു മറുപടിയും നല്‍കിയില്ല. ഇതോടെ ട്രെയിനില്‍ സംഭവത്തിന് സാക്ഷിയായ മറ്റു യാത്രക്കാരെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഹുസൈന്. മദ്ധ്യപ്രദേശില്‍ നിന്നും നലസോപരയിലെ വീട്ടിലേക്ക് തിരികെ വരികയായിരുന്നു ഭന്‍പൂര്‍വാല. ബന്ധുക്കള്‍ മറ്റു കോച്ചുകളില്‍ റിസര്‍വേഷനില്‍ ആയിരുന്നു. താനും സഹോദരനും താമസിക്കുന്ന ദുബായിലേക്ക് മാതാവിനെയും ഇവര്‍ കൊണ്ടുപോകുകയാണ്. താനും സഹോദരനും ജോലി ചെയ്യുന്നത് ദുബായിലാണ്.
മാതാപിതാക്കള്‍ ഇന്ത്യയിലും. സഹോദരന്റെ വിവാഹം നടക്കാന്‍ പോകുന്നതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം കുറച്ചുനാള്‍ താമസിക്കാന്‍ നാട്ടിലേക്ക് എത്തിയതായിരുന്നു. ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വസ്തുക്കള്‍ വില്‍ക്കുന്ന കട നടത്തുകയായിരുന്നു പിതാവ്.
''ആ സംഭവം ഞങ്ങളുടെ ജീവിതം മുഴുവന്‍ തകര്‍ത്തു. ഇനി ഇവിടെ താമസിക്കാന്‍ ഒട്ടും താല്‍പ്പര്യമില്ല. അമ്മയേയും കൊണ്ടു ദുബായിക്ക് പോകുകയാണ്.'' ഹുസൈന് പറഞ്ഞു. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്ക് ഒരു പിന്തുണയുമില്ല. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ നിശബ്ദമായിരിക്കുമ്പോള്‍ വേറെന്താണ് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുകയെന്നും ഹുസൈന് ചോദിക്കുന്നു.






