
കൊച്ചി/മലപ്പുറം: മലപ്പുറം, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ പരിശോധന. പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവരുടെ വീടുകളിലായിരുന്നു റെയ്ഡ്്. സാമുദായികസൗഹാര്‍ദം തകര്‍ത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള പി.എഫ്.ഐ. ഉദ്യമങ്ങള്‍ക്കു തടയിടാനുള്ള നടപടികളുടെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.
കേരളത്തിനു പുറമേ കര്‍ണാടകയില്‍ ദക്ഷിണ കന്നഡയിലും, മഹാരാഷ്ട്രയില്‍ നാസിക്, കോലാപുര്‍ മേഖലകളിലും പശ്ചിമ ബംഗാളില്‍ മുര്‍ഷിദാബാദിലും ബിഹാറില്‍ കത്തിഹാറിലും റെയ്ഡ് നടന്നു.
മലപ്പുറം ജില്ലയിലെ നാലിടങ്ങളില്‍ ഇന്നലെ പരിശോധന നടന്നു. വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ, രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളില്‍ ഒരേ സമയമാണ് കൊച്ചിയില്‍നിന്നുള്ള എന്‍.ഐ.എ. സംഘം പരിശോധനയ്ക്കെത്തിയത്. കണ്ണൂരിലെ കൊടപറമ്പ്, കണ്ണൂര്‍ സിറ്റി, പള്ളിപ്രം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ നാലുമണിക്കാരംഭിച്ച റെയ്ഡ് ഒമ്പതരയോടെ അവസാനിച്ചു.
സംഘടന നിരോധിച്ചതിനു പിന്നാലെ രാജ്യവ്യാപകമായി പി.എഫ്.ഐ. കേന്ദ്രങ്ങളില്‍ എന്‍.ഐ.എ. പരിശോധന നടത്തി വരികയാണ്. സാമ്പത്തിക ഉറവിടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണു പ്രധാനമായും നടക്കുന്നത്. എന്‍.ഐ.എയും ഇ.ഡിയും നടത്തിയ പരിശോധനകളില്‍ കേരളത്തില്‍നിന്നുള്ളവരടക്കം 200 ലധികം പേര് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇനിയും അറസ്റ്റ് തുടരുമെന്നാണു കേന്ദ്ര ഏജന്‍സികള്‍ നല്കുന്ന സൂചന.
പരിശോധന ആരംഭിച്ച ശേഷമാണ് എന്‍.ഐ.എ. ലോക്കല്‍ പോലീസിനെ വിവരമറിയിച്ചതെന്നാണു വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീന്‍വാലി നേരത്തെ കണ്ടുകെട്ടിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യരൂപമായ എന്‍.ഡി.എഫിന്റെ കാലം മുതല്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രമാണിത്.
വിവരങ്ങള്‍ കൈമാറിയിട്ടും സംസ്ഥാനസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് എന്‍.ഐ.എ. നേരിട്ടെത്തി കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് സ്വത്തുവകകള്‍ കണ്ടുകെട്ടിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടതാണ് ഇന്നലത്തെ പരിശോധനയുമെന്നാണു സൂചന.
മലബാര്‍ ഹൗസ്, പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിവയും നേരത്തെ എന്‍.ഐ.എ. കണ്ടുകെട്ടിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കോതമംഗലം സ്വദേശിയുമായ എന്‍.കെ. അഷ്റഫിന്റെ ഉടമസ്ഥയിലുള്ള റിസോര്‍ട്ട് ഇ.ഡിയും കണ്ടുകെട്ടിയിരുന്നു.
2.53 കോടി രൂപയുടെ ആസ്തിവകകളാണ് ഇ.ഡി. മരവിപ്പിച്ചത്. ഇടുക്കിയില്‍ നാലു വില്ലകളും ഏഴേക്കറോളം ഭൂമിയും ഉള്‍പ്പെടുന്ന സ്വകാര്യ ടൂറിസം പദ്ധതിയാണിത്. എന്‍.കെ. അഷ്റഫിനെതിരേ കള്ളപ്പണം വെളുപ്പക്കലിനും ഇ.ഡി. കേസെടുത്തിരുന്നു.






