
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ സമരപരിപാടികള്‍ക്ക് സിപിഎം. സെപ്തംബര്‍ 11 മുതല്‍ ഒരാഴ്ച ദേശവ്യാപകമായി സമരപരിപാടികള്‍ക്ക് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് അറിയിച്ചു. 140 മണ്ഡലത്തിലും ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. മൂന്ന് പ്രധാന പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് പ്രക്ഷോഭമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നീക്കുകയാണ്. ഇത് ഗൗരവപൂര്‍വ്വം കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയമായി മാറിയിരിക്കുകയാണ്. മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നതിന്റെ തോതനുസരിച്ച് ആളോഹരി വരുമാനം നല്‍കുന്നില്ല. 3.9% ആയിരുന്നു പത്താം പഞ്ചവത്സര പദ്ധതി പ്രകാരം കേരളത്തിന്റെ ആളോഹരി വരുമാനം. എന്നാല്‍ അത് 1.9% ആയി കുറച്ചു.
ഓണത്തിന് പ്രതിസന്ധിയില്ല. 30% വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കും. അതിനാവശ്യമായ പണം അനുവദിച്ചിട്ടുണ്ടെന്നൂം എം.വി ഗോവിന്ദന് പറഞ്ഞു.
മിത്ത വിവാദത്തിനു പിന്നാലെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ കണ്ടത് എന്തിനാണെന്ന ചോദ്യത്തിന് സിപിഎമ്മിന് ആരുമായും പിണക്കമില്ലെന്നായിരുന്നു മറുപടി. മിത്ത് വിവാദത്തില്‍ പ്രതികരണമില്ല. പുതുപ്പള്ളിയില്‍ എന്‍.എസ്.എസ് സമദൂരം പാലിക്കുമെന്ന് പറഞ്ഞത് അത്രയും നന്ന്. എന്നാല്‍ അത് പലപ്പോഴും നടക്കാറില്ല. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സമുദായ നേതാക്കളെ കാണുന്നതില്‍ കുഴപ്പമില്ല. തിണ്ണ നിരങ്ങുന്നുവെന്ന് അര്‍ത്ഥമില്ല. തിരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാവരെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് ജനാധിപത്യത്തില്‍ പതിവാണ്. ഈ തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരെയും വ്യക്തിപരമായി കാണും. പുരോഗമന സ്വഭാവമുള്ളവരെയും അല്ലാത്തവരേയും കാണും. അവര്‍ക്കും വോട്ടുണ്ടല്ലോ. വോട്ടിന് പകരം വരം കിട്ടിയിട്ട് കാര്യമില്ലല്ലോ എന്നും എം.വി ഗോവിന്ദന് പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക് സിഎംആര്‍എല്‍ കമ്പനി പണം നല്‍കിയതായി റിപ്പോര്‍ട്ടുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം എഴുന്നേറ്റു പോയി. അതെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ എന്ന പോകുന്ന വഴി അദ്ദേഹം പറഞ്ഞൂ. വിവാദത്തില്‍ കൂടുതല്‍ പ്രതികരണം നടത്തേണ്ട എന്ന പാര്‍ട്ടി നിലപാട് ആണ് ഇതിനു പിന്നിലെന്ന് സൂചനയുണ്ട്.






