
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കെ എസ് ആര് ടി സി യില്‍ യാത്ര സൗജന്യമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് തീരുമാനം.
10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, കോളേജ് ക്യാന്റീനില്‍ സൗജന്യ ഭക്ഷണം, സ്റ്റൈഫന്റ് എന്നിവ നൽകും. മുഖ്യമന്ത്രി ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്കി. പ്രത്യേക മെഡിക്കൽ ബോർഡ് ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിനായി രൂപീകരിക്കും.
അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മാനസിക പ്രശ്നമുള്ളവര്‍ക്ക് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ മനോരോഗ വിദഗ്ധരുടെ സേവനങ്ങൾ നൽകണം. കുടുംബാംഗങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാന മാർഗം കണ്ടെത്തി നൽകാനാവണമെന്ന് മഖ്യമന്ത്രി നിര്‍ദേശിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക ശുശ്രൂഷ നൽകുകയും പുനരധിവാസം ഉറപ്പാക്കുകയും വേണം. മരുന്നുകളും ലഭ്യമാക്കണം. റേഷൻകാർഡുകൾ തരം മാറ്റാനുള്ള അപേക്ഷകളിൽ ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കണം.
അതിദാരിദ്ര്യ നിർണയത്തിലുള്ളത് പ്രധാനമായും നാല് ക്ലേശ ഘടകങ്ങളാണ് . ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയാണവ. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്. ആരോഗ്യം ക്ലേശകരമായ 28,663 വ്യക്തികൾ ഉൾപ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങളും ഭക്ഷണവും ആരോഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമാണുള്ളത്.
അവകാശ രേഖകൾ ഇതിനകം അതിദാരിദ്ര്യ ലിസ്റ്റില്‍പ്പെട്ട സങ്കേതിക തടസ്സമില്ലാത്ത മുഴുവൻ പേർക്കും നൽകിയിട്ടുണ്ട്. അതിദരിദ്ര കുടുംബം, വ്യക്തികൾ എന്നിവരുടെ വിവരങ്ങൾ എം ഐ എസ് പോർട്ടലിൽ പരിശോധിക്കാനുള്ള സൗകര്യം വകുപ്പുകൾക്ക് നൽകി. അവശ്യ വസ്തുകളും സേവനങ്ങളും വാതിൽപ്പടി സേവനം മുഖേന നൽകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വളണ്ടിയർമാർ ഇതിന് സഹായിക്കുന്നുണ്ട്.
വരുമാനം ക്ലേശ ഘടകമായവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കുന്നതിന് ജോബ് കാർഡുകൾ വിതരണം ചെയ്തു. പശു വിതരണം, തയ്യൽ മെഷിൻ എന്നിവയും നൽകി. കുട്ടികൾക്ക് പുസ്തകം, പേന, കുട, ബാഗ്, ചോറ്റുപാത്രം, ബോക്സ്, സ്റ്റീൽ വാട്ടർബോട്ടിൽ തുടങ്ങിയവ വിതരണം ചെയ്തു.
2025 നവംബർ ഒന്നിന് അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. 2023,2024 വർഷങ്ങളിൽ ഒന്ന്, രണ്ട് ഘട്ട പ്രഖ്യാപനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.






