
അറബ് ക്ലബ്ബ് ചാംപ്യന്സ്കപ്പ് നേടിക്കൊണ്ട് പുതിയ സീസണില്‍ അരങ്ങേറിയ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് സൗദി പ്രോ ലീഗിലെ രണ്ടാം മത്സരത്തിലും തോല്‍വി. ലീഗിലെ ചെറുമീനുകളായ അല്‍ ടൗണ്‍ അല്‍ നസറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ക്രിസ്ത്യാനോയ്ക്കും സദിയോ മാനേയ്ക്കും അല്‍ ടൗണിന്റെ പ്രതിരോധത്തെ പരീക്ഷിക്കാന്‍ പോലുമായില്ല.
യൂറോപ്പിലെ വമ്പന്മാരില് ചിലരെ ഉള്‍പ്പെടുത്തി ലീഗില്‍ സ്റ്റാര്‍ട്ട് ചെയ്ത അല്‍ നസറിനെ കാമറൂണ്‍ ഫോര്‍വേഡ് ലീന്ഡ്രേ തവാംബയാണ് ആദ്യം ഞെട്ടിച്ചത്. കളിയുടെ ഇരുപതാം മിനിറ്റില്‍ കിട്ടിയ കോര്‍ണറില്‍ തവാംബ പിഴവ് വരുത്തിയില്ല. രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ അഹമ്മദ് ബഹുസ്യാന് ലീഡ് കൂട്ടുകയും ചെയ്തു. റൊണാള്‍ഡോ, മാനേ, ടെലിസ്ക്ക, മാഴ്സലോ ബ്രോസോവിക് എന്നീ സൂപ്പര്‍താരങ്ങള്‍ ഇറങ്ങിയിട്ടും അഞ്ചുപേരും ഗോളിയും കോട്ട കെട്ടിയ അല്‍ ടൗണിന്റെ പ്രതിരോധം പിളര്‍ത്താനായില്ല.
കൃത്യമായ സ്ട്രാച്ചജിയിലൂടെയാണ് അല്‍ ടൗണ്‍ നീങ്ങിയത്. ഉറച്ച പ്രതിരോധത്തിനൊപ്പം ബ്രസീലിയന്‍ വിംഗര്‍ മാത്യുസിലൂടെ അതിവേഗ കൗണ്ടര്‍ അറ്റാക്കും അവര്‍ നടത്തി. ആക്രമണത്തില്‍ താളം കണ്ടെത്താന്‍ അല്‍ നസര്‍ ഏറെ വിഷമിച്ചു. സദിയോ മാനേ നേടിയ ഗോള്‍ അനുവദിക്കപ്പെടാതെ പോകുകയും ടെലിസ്ക്ക അവസരങ്ങള്‍ പാഴാക്കിയതും അവര്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. കഴിഞ്ഞ സീസണില്‍ അല്‍ ഇത്തിഹാദിന് പിന്നില്‍ രണ്ടാമത് എത്താനേ ക്രിസ്ത്യാനോയുടെ അല്‍ നസറിന് കഴിഞ്ഞുള്ളൂ.
സീസണിലെ ആദ്യ മത്സരത്തിലും ക്രിസ്ത്യാനോയുടെ ടീമിന് വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇംഗ്ളണ്ടിന്റെയു ലിവര്‍പൂളിന്റെയും ഇതിഹാസതാരം സ്റ്റീവന്‍ ജറാഡ് പരിശീലകനായ അല്‍ എറ്റിഫാക്വിനോട് 2-1 ന് തോറ്റിരുന്നു. അറബ് ക്ലബ്ബ് ചാംപ്യന്‍സ് കപ്പ് നേടി 48 മണിക്കൂര്‍ പിന്നിടും മുമ്പായിരുന്നു പരാജയം.





